നിലന്പൂർ: ഭിന്നശേഷി ശാക്തീകരണം അവസര സമത്വത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരമാണ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്തധികൃതർ ഏറ്റുവാങ്ങിയത്.
തിരൂർ ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിയും വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിലും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. പരിമിതികളല്ല കഴിവുകളാണ് പരിഗണിക്കപ്പെടേണ്ടതെന്ന് പ്രാവർത്തികമാക്കിയുള്ള പ്രവർത്തനങ്ങളാണ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നതെന്നും ഇത്തരം മാതൃകാപരമായ പദ്ധതികൾക്കുള്ള അംഗീകാരമാണ് സർക്കാർ പുരസ്കാരമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അവാർഡ് ഏറ്റുവാങ്ങി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ആശ്രയ കേന്ദ്രമായ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓൾ ഇന്ത്യ ഇൻസിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഒൗട്ട് റീച്ച് സെന്റർ വഴി സംസാര, കേൾവി പരിമിതികൾ, കേൾവിക്കുറവുകൾ കണ്ടെത്തി അവർക്ക് ശ്രവണ സഹായി നൽകൽ എന്നിവ ഐഷ് മുഖേന നൽകി വരുന്നു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം നൽകി സെമിനാറുകളും ബോധവത്കരണ ക്ലാസുകളും ഉല്ലാസത്തിനായി സ്നേഹ സംഗമങ്ങളും കലാവിരുന്നുകളും കാഴ്ചപരിമിതിയുള്ളവർക്ക് പരിശോധനയും കണ്ണടകൾ നൽകൽ, ഫിസിയോതൊറാപ്പി തുടങ്ങിയ പ്രവർത്തനങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി
12:43 AM Dec 04, 2022 | Deepika.com