ഇരിങ്ങാലക്കുട: പച്ചക്കുട ഇരിങ്ങാലക്കുട സമഗ്രകാർഷികവികസന പദ്ധതിയുടെ സഹകരണത്തോടെ കേരള സംസ്ഥാന ഒൗഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെ അശോക വനം പദ്ധതി ആരംഭിക്കുന്നു.
നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പടിഞ്ഞാറെ ഉൗട്ടുപുരയിൽ വച്ച് ഉദ്ഘാടനം ചെയ്യും. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന അശോകവൃക്ഷ സംരക്ഷണമാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ആയുർവേദ ഒൗഷധ നിർമാണത്തിൽ ഒരു സുപ്രധാന ചേരുവയായ അശോകം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.
സ്ത്രീ രോഗ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഒൗഷധമാണ് അശോകം. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടംഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദേവസ്വത്തിന്റെ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കോ വികസന പദ്ധതികൾക്കോ കോട്ടം വരാത്ത രീതിയിൽ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലായാണ് ഇവ നട്ട് സംരക്ഷിക്കുന്നത്.
ദേവസ്വം പറന്പുകളിൽ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കുവാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ. സദനം കൃഷ്ണൻകുട്ടി, ഗുരു നിർമ്മല പണിക്കർ, ബിസ്മില്ല ഖാൻ പുരസ്കാരം നേടിയ ശ്രീലക്ഷ്മി ഗോവർദ്ധൻ, അനുപമ മേനോൻ എന്നിവരെ ആദരിക്കുന്നു. ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ അധ്യക്ഷത വഹിക്കും.
കൂടൽമാണിക്യം ദേവസ്വം അശോകവനം പദ്ധതി ആരംഭിക്കുന്നു
01:11 AM Dec 03, 2022 | Deepika.com