സ്വന്തം ലേഖകൻ
അയ്യന്തോൾ: തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കോ കുന്നംകുളത്തേക്കോ ഗുരുവായൂരിലേക്കോ അത്യാവശ്യമായി പോകണമെന്നുണ്ടെങ്കിൽ ദയവു ചെയ്ത് പൂങ്കുന്നം വഴി പോകാതിരിക്കുക. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് പൂങ്കുന്നം മുതൽ പുഴയ്ക്കൽ കഴിയും വരെ ദിവസങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
തൃശൂർ - കുന്നംകുളം റൂട്ടിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്.
ശബരിമല സീസണായതിനാൽ നിരവധി അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് അങ്ങോട്ടുമിങ്ങോട്ടും ഇതുവഴി കടന്നുപോകുന്നത്. ഇവയെല്ലാം ഗതാഗതക്കുരുക്കിൽ പെട്ട് ഏറെ നേരം മുന്നോട്ടുപോകാനാകാതെ കിടക്കുന്ന കാഴ്ച പതിവായിട്ടുണ്ട്.
ഗുരുവായൂർ ഏകാദശിക്കായി പോകുന്ന ഭക്തരുടെ വാഹനങ്ങൾ കൂടിയായതോടെ പൂങ്കുന്നം - പുഴയ്ക്കൽ പാതയിൽ തിരക്ക് ക്രമാതീതമായി വർധിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ പല വാഹനങ്ങളും പൂങ്കുന്നം വഴി പോകാതെ ശങ്കരംകുളങ്ങര-ഉദയനഗർ-അയ്യന്തോൾ കാർത്യായിനി ക്ഷേത്രം റോഡ് വഴി വന്ന് അയ്യന്തോൾ ഗ്രൗണ്ടിലേക്കെത്തി അവിടെ നിന്നും പുഴയ്ക്കലിലേക്ക് പോവുകയാണിപ്പോൾ. ഇതോടെ ഈ ചെറുവഴികളെല്ലാം രാപ്പകൽ ഭേദമില്ലാതെ വലിയ വാഹനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
കുന്നംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുഴയ്ക്കലിൽ ലുലു ജംഗ്ഷനിൽ വെച്ച് അയ്യന്തോളിലേക്ക് തിരിച്ചുവിടുന്നുണ്ടെങ്കിലും തിരക്കിന് കുറവില്ല.
പാലം പണിയും പുഴയ്ക്കൽ ഭാഗത്ത് നടന്നിരുന്നു.
പലപ്പോഴും വാഹനങ്ങളുടെ നീണ്ട ക്യൂ അമല ആശുപത്രി വരേയും പൂങ്കുന്നം മേൽപ്പാലം വരെയും അനുഭവപ്പെട്ടു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ, പേരാമംഗലം പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഗതാഗതക്കുരുക്കൊഴിവാക്കാൻ പെടാപാടു പെടുന്നുണ്ട്.
പൂങ്കുന്നം വഴി പോയാൽ പെട്ടു...
01:06 AM Dec 03, 2022 | Deepika.com