സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ ആദ്യമായി വാട്സ്ആപ്പ് വഴി സിനിമ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കിയ തൃശൂർ ഗിരിജ തിയറ്റർ ഉടമയ്ക്ക് ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റുകളുടെ വിലക്ക്. ഓണ്‍ലൈൻ സിനിമാ ബുക്കിംഗ് സൈറ്റുകളുടെ കൊള്ളയ്ക്കെതിരെ എന്ന പ്രചാരണത്തോടെയാണ് ഗിരിജയിൽ വാട്സാപ്പ് ബുക്കിംഗ് സംവിധാനം ആരംഭിച്ചത്.
പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിനാണ് ഗിരിജയിൽ ആദ്യമായി വാട്സാപ്പ് ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്. ഇതോടൊപ്പം ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിനും സൗകര്യമുണ്ടായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ മുതൽ ഗിരിജയിൽ ഓണ്‍ലൈൻ വഴി ആരും പുതിയ ചിത്രമായിരുന്നിട്ടു പോലും ഗോൾഡിന് ടിക്കറ്റ് ബുക്ക് ചെയ്യാതെവന്ന സാഹചര്യത്തിൽ പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് അറിഞ്ഞതെന്ന് തിയറ്ററുടമ ഗിരിജ പറയുന്നു. യാതൊരുവിധ അറിയിപ്പും കൂടാതെയാണ് തങ്ങൾക്കു വിലക്കേർപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു.
തങ്ങൾ വാട്സ്ആപ്പ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്പോൾ ഓണ്‍ലൈൻ ടിക്കറ്റ് സൗകര്യം ഒഴിവാക്കിയിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെ സാധാരണക്കാരിൽ നിന്നാണ് വാട്സ്ആപ്പ് ബുക്കിംഗ് നടത്തുന്നതെന്നും ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്കു വഴങ്ങില്ലെന്നും ഗിരിജ തീയറ്റർ ഉടമ പറഞ്ഞു. ടിക്കറ്റ് ചാർജിനു പുറമേയുള്ള ബുക്കിംഗ് ചാർജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകൾ തങ്ങളോടു സ്ഥിരമായി ചോദിക്കാറുണ്ടെന്നും ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് വാട്ട്സ് ആപ്പ് വഴി ബുക്കിംഗ് ആരംഭിച്ചതെന്നും ഉടമ പറഞ്ഞു.
തിയറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ അവർക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നൽകേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാൻ വാട്ട്സ്ആപ്പ് ബുക്കിംഗ് തുടങ്ങിയത്. - ഡോ. ഗിരിജ വ്യക്തമാക്കി.
സിനിമ ടിക്കറ്റ് വാട്സാപ്പ് വഴി ബുക്കിംഗ്; ഗിരിജ തിയറ്ററിനു വിലക്ക്
01:09 AM Dec 02, 2022 | Deepika.com