പെരിഞ്ഞനം: കാഴ്ചയുടെ വസന്തമൊരുക്കി പെരിഞ്ഞനത്ത് മണിമുല്ല പൂത്തു. പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങളുടെ മകൻ മുബാറക്കിന്റെ കൃഷിയിടത്തിലാണ് അപൂർവമായി മാത്രം കാണുന്ന മണിമുല്ല പൂത്തുലഞ്ഞത്. മഞ്ഞുകാലത്ത് മാത്രം പൂവിടുന്ന ഈയിനം ചെടി സാധാരണയായി ഡിസംബറിലാണ് പൂക്കുന്നത്. വള്ളികളായ പടരുന്ന ഈ ചെടിക്ക് നാഗവള്ളി മുല്ല എന്നും പേരുണ്ട്.
വള്ളികളിലാകെ നൂറുകണക്കിനു വിരിയുന്ന പൂക്കൾ നിരവധി പൂന്പാറ്റകളെയും വണ്ടുകളെയും തേനീച്ചകളെയും ആകർഷിക്കുന്നുണ്ട്. മൂന്നു വർഷം മുന്പ് പെരിഞ്ഞനത്തെ നഴ്സറിയിൽ നിന്നുമാണ് മുബാറക്ക് ചെടി വാങ്ങി നട്ടത്.
നേരത്തെ ഒരുതവണ മണിമുല്ല പൂത്തെങ്കിലും ഇത്രവ്യാപകമായി പൂവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ചെടി നിറയെ പൂവുകൾ നിറഞ്ഞിരിക്കുകയാണ്. ഈ അപൂർവ കാഴ്ച കാണാൻ നിരവധി പേർ എത്തുന്നുണ്ട്.
കാഴ്ചയുടെ വസന്തമൊരുക്കി പെരിഞ്ഞനത്ത് മണിമുല്ലപ്പൂക്കാലം
12:56 AM Dec 01, 2022 | Deepika.com