ചാലക്കുടി: ചാലക്കുടി - ആനമല അന്തർ സംസ്ഥാന പാതയിൽ കിഫ്ബിയുടെ കീഴിലുള്ള റോഡ് നിർമാണ പ്രവൃത്തി ഉൗർജിതമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ആവശ്യം ഉന്നയിച്ചതായും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് പ്രവർത്തി മുന്നോട്ടുകൊണ്ടുപോകാമെന്ന് കളക്ടർ ഉറപ്പുനൽകിയതായും സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് നിർമാണ പ്രവൃത്തികൾ വിലയിരുത്തുവാൻ ചേർന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
ചാലക്കുടി എഇഒ ഓഫീസിനു പുതിയ കെട്ടിടം നിർമിക്കുവാനും ചാലക്കുടി മേഖല ശാസ്ത്രകേന്ദ്രത്തിലെ മരാമത്ത് പ്രവൃത്തികൾ നടപ്പിലാക്കുവാനും ആവശ്യമായ കരാർ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും
അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. കൊരട്ടി ഗാന്ധിഗ്രാം ത്വക്ക്രോഗാശുപത്രിയിലെ നിർദിഷ്ട ഒപി ബ്ലോക്ക് കെട്ടിട നിർമാണത്തിനാവശ്യമായ മണ്ണ് പരിശോധന റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്ന് സോയിൽ ഇൻവെസ്റ്റിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് എംഎൽഎ ആവശ്യപ്പെട്ടു.മേച്ചിറ മുതൽ പുത്തുക്കാവ് വരെയുള്ള ചാത്തൻമാസ്റ്റർ റോഡ് നിർമാണത്തിനാവശ്യമായ സാങ്കേതികാനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, മുരിങ്ങൂർ - പാലമുറി- മേലൂർ പള്ളിനട റോഡ് ബിഎം പ്രവൃത്തിചെയ്യുവാനും കല്ലുകുത്തി - കാലവറക്കടവ് റോഡ് ബിസി പ്രവൃത്തി ചെയ്യുവാനും തയ്യാറായതായും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
നോഡൽ ഓഫീസർ റീനു ചാക്കോ, പി. റാബിയ, ബി.പി. സൈനബ, ലിനി ടി സൂസൻ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ കെ. സ്മിത, ഡോളി ജോസഫ്, എം.ബി. സ്മിത, എം.ആർ. ശാലിനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
"ചാലക്കുടി - ആനമല അന്തർ സംസ്ഥാന പാതയിൽ റോഡ് നിർമാണ പ്രവൃത്തി ഉൗർജിതമാക്കും'
12:58 AM Nov 30, 2022 | Deepika.com