ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധകന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളാഘോഷം ഇന്നു മുതല്‍ ഡിസംബര്‍ 18വരെ ആഘോഷിക്കും. ഇന്നു മുതല്‍ ഏഴുവരെ തീയതികളില്‍ രാവിലെ 5.30, 7.30, 9.30, 11.30, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധകുര്‍ബാനയും വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാര്‍ഥന, 4.15ന് വചനപ്രഘോഷണം, ആറിന് ജപമാല പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളില്‍ വിവിധ ഇടവകകളില്‍നിന്നുള്ള തീര്‍ഥാടകര്‍ എത്തിച്ചേരും. തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി അതിരൂപതാ വികാരിജനറാളും തീര്‍ഥാടനകേന്ദ്രം റെക്ടറുമായ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, വികാരി ഫാ. ജേക്കബ് വാരിക്കാട്ട് എന്നിവര്‍ അറിയിച്ചു.
ഡിസംബർ ഒന്നിന് വൈകുന്നേരം നാലിന് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. ഏഴിന് രാവിലെ 5.15ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കും. വൈകുന്നേരം ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണം. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും.
എട്ടിന് അമലോത്ഭവ തിരുനാള്‍ ആഘോഷിക്കും. രാവിലെ 5.30ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 9.30ന് തിരുനാള്‍ റാസ ഫാ.ജേക്കബ് നടുവിലേക്കളം, ഫാ.തോമസ് മുട്ടേല്‍ സന്ദേശം നല്‍കും.12ന് ഇടവകക്കാരായ വൈദികര്‍ ഫാ. മാത്യു പുത്തനങ്ങാടിയുടെ കാര്‍മികത്വത്തിലും ഉച്ചകഴിഞ്ഞ് 2.30ന് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, 4.30ന് മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം ആറിന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം. 18ന് കൊടിയിറക്ക് തിരുനാള്‍.
തിരുനാള്‍ ദിനങ്ങളില്‍ ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ജോര്‍ജ് കുടിലില്‍, റവ. ഡോ. മാണി പുതിയിടം, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഡൊമിനിക് മുരിയന്‍കാവുങ്കല്‍, ഫാ. ജോസഫ് ഈറ്റോലില്‍, ഫാ. ജോസഫ് മുല്ലക്കരി, ഫാ.ജോസ് കൊച്ചുപറമ്പില്‍, റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ എന്നിവര്‍ വചന പ്രഘോഷണം നടത്തും.
പാറേല്‍ പള്ളിയിൽ തിരുനാൾ
10:51 PM Nov 28, 2022 | Deepika.com