കോഴഞ്ചേരി: ആറന്മുള നിയോജക മണ്ഡലത്തിലെ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വെട്ടത്തേത്തു പടി - നല്ലേത്ത് പടി (ചെമ്പകശേരി - പൂച്ചേരി മുക്ക് ) റോഡിന്റെ നിര്‍മാണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്.
2018ല്‍ ഉണ്ടായ മഹാപ്രളയത്തിലാണ് റോഡ് പൂര്‍ണമായി തകര്‍ന്നത്. ഏറെ നാളുകളായി തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് പ്രദേശവാസികളുടെ ആവശ്യപ്രകാരം മന്ത്രി വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിനേ തുടര്‍ന്നാണ് റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പല പ്രാവശ്യം ടെന്‍ഡര്‍ ചെയ്തിട്ടും ആരും തന്നെ പ്രവൃത്തി ഏറ്റെടുത്തിരുന്നില്ല.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എല്‍എസ്ജിഡി വിഭാഗമാണ് റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി നിര്‍വഹിക്കുന്നത്.
അഞ്ചു വര്‍ഷത്തെ പരിപാലന കാലാവധി ഉള്‍പ്പെടെ 83,50,000 രൂപയാണ്റോഡിന്റെ നിര്‍മാണ ചെലവ്. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ 9, 10 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണിത്. 1.054 കിലോമീറ്റർ നീളവും 3.75 മീറ്റർ വീതിയിലും ബിസി നിലവാരത്തിലാണ് ടാറിംഗ് ചെയ്യുന്നത്.
റോഡിന്റെ ഇരു വശങ്ങളിലും ഐറിഷും വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ കലുങ്കുകള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്കും, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജന പ്രദമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.
വെട്ടത്തേത്തു പടി - നല്ലേത്ത് പടി റോഡിന്റെ നിര്‍മാണം നാളെ ആരംഭിക്കും
02:30 AM Nov 27, 2022 | Deepika.com