പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിവസവും അതിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലും ഉണ്ടാകുന്ന പരാതികള്‍ പരമാവധി ഒഴിവാക്കുന്നതിനായി ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുകയാണ് ലക്ഷ്യമെന്ന് പ്രത്യേക ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറും ഗവൺമെന്റ് സെക്രട്ടറിയുമായ കെ. ബിജു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടേഴ്സ് ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ വര്‍ധന കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. കള്ളവോട്ടുകള്‍ തടയുന്നതിന് ഇത് സഹായകമാകും.
മരണപ്പെട്ട വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ് ബൂത്ത് തലത്തിലും താലൂക്ക്, ജില്ലാ അടിസ്ഥാനത്തിലും ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. അവ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു തീര്‍പ്പാക്കണം.
വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ കൃത്യമായി പരിഹരിക്കണം. അതിനായി കരട് വോട്ടര്‍ പട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് നല്‍കിയിട്ടുണ്ട്.
പതിനേഴ് വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനായി മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം. യുവ വോട്ടര്‍മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വോട്ടർപട്ടിക: 17 പൂർത്തീകരിച്ചവർക്കും അപേക്ഷ നൽകാം
10:25 PM Nov 25, 2022 | Deepika.com