നിലന്പൂർ: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണം നടത്തുന്നു. ശനിയാഴ്ച രാവിലെ ഒന്പത് മണിക്ക് നിലന്പൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് അനുസ്മരണവും നവംബർ 12, 13 തീയതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ യാത്ര ഉദ്ഘാടനവും നടക്കുക. അനുസ്മരണ സമ്മേളനം എ.പി. അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നഗരിയിലേക്കുള്ള ആര്യാടൻ മുഹമ്മദിന്റെ ഫോട്ടോ കൈമാറൽ ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയി നിർവഹിക്കും.
സംസ്ഥാന സന്ദേശ യാത്ര ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവഹിക്കും. ജാഥ ക്യാപ്റ്റൻമാരായ വല്ലാഞ്ചിറ ഹുസൈൻ, ടി.ശബരീഷ് കുമാർ, രാജൻ ജോസ് മണ്ണൂത്തി, കെപിസിസി മുൻ ഭാരവാഹികളായ ഇ. മുഹമ്മദ് കുഞ്ഞി, വി.എ.കരീം, ബാബുമോഹന കുറുപ്പ്, എൻ.എ.കരീം, എ.ഗോപിനാഥൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ഉമ്മൻചാണ്ടി
ചെയർമാനായി
ആര്യാടൻ
മുഹമ്മദ് ഫൗണ്ടേഷൻ
നിലന്പൂർ: ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ രൂപവത്കരിക്കാൻ തീരുമാനിച്ചു. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയായിരിക്കും ചെയർമാൻ. ഏഴ് പതിറ്റാണ്ട് നീണ്ട സാമൂഹ്യജീവിതത്തിലൂടെ ആര്യാടൻ മുഹമ്മദ് മുന്നോട്ടു വെച്ച രാഷ്ട്രീയവും കലർപ്പില്ലാത്ത മതനിരപേക്ഷ ജനാധിപത്യ ബോധവും മാതൃകാപരമായ ഭരണ നിർവഹണരീതികളും കാതലുള്ള നിയമസഭാ സാമാജികത്വ പ്രവർത്തനങ്ങളും തൊഴിലാളി വർഗ സംഘാടനവും ആഴത്തിൽ പഠന വിധേയമാക്കുന്നതിനും പുതുതലമുറക്ക് പകർന്നു നൽകുന്നതിനും ലക്ഷ്യം വെച്ചാണ് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ രൂപവത്കരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖരായ കോണ്ഗ്രസ് നേതാക്കന്മാർ മുഖ്യ രക്ഷാധികാരികളാവും. ഫൗണ്ടേഷന്റെ ആദ്യ പ്രവർത്തനമായി ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ ബജറ്റ് പ്രസംഗങ്ങൾ ക്രോഡീകരിച്ച് പ്രകാശനം ചെയ്യാനും തുടർന്ന് ആര്യാടൻ മുഹമ്മദിന്റെ ആത്മകഥയും വിപുലമായ അനുസ്മരണ പരിപാടികളും പഠനഗവേഷണ പദ്ധതികളും ആവിഷ്കരിക്കാനും തീരുമാനിച്ചതായി ആര്യാടൻ മുഹമ്മദ് അനുസ്മരണ സമിതി ചെയർമാൻ മുൻ കെപിസിസി ജനറൽ സെക്രട്ടറി വി.എ.കരീം, കണ്വീനർ നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവർ അറിയിച്ചു.
ആര്യാടൻ മുഹമ്മദ് അനുസ്മരണം ഇന്ന്
12:01 AM Oct 08, 2022 | Deepika.com