കോഴഞ്ചേരി: ജില്ലാ ആശുപത്രി വളപ്പില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിച്ചു. കിഫ്ബിയിലെ 31 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടസമുച്ചയം നിര്‍മിക്കുന്നതെന്നും നിര്‍മാണം അടുത്തമാസം ആരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ പറഞ്ഞു.
രക്തബാങ്ക്, ലബോറട്ടറി അടക്കമുള്ള സ്പെഷാലിറ്റി സംവിധാനമെല്ലാം പുതിയ കെട്ടിട സമുച്ചയത്തിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക. മതിയായ കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ ബ്ലഡ് സ്റ്റോറേജ് സംവിധാനം മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പൊളിച്ചുനീക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മറ്റ് കെട്ടിടത്തിലേക്കു മാറ്റി. ഒപി ടിക്കറ്റ് വിതരണത്തിനായി താത്കാലികമായി കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. പുതിയ കെട്ടിടസമുച്ചയത്തോടനുബന്ധിച്ച് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ആധുനികരീതിയിലുള്ള മൂന്നുനില കെട്ടിടമാണ് നിര്‍മിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ജില്ലാ ആശുപത്രിവളപ്പിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി
10:26 PM Oct 07, 2022 | Deepika.com