പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല യുവജന സംഗമം "ഹെസദ് -2022' ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു വൈകുന്നേരം ആറിന് അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന അന്തർദേശീയ ക്വിസ് മത്സരത്തോടെ യുവജനസംഗമം ആരംഭിക്കും. വൈകുന്നേരം ആറിന് ക്വിസ് മത്സരം പത്തനംതിട്ട ഭദ്രാസന മുഖ്യ വികാരി ജനറാൾ മോൺ ഡോ. ഷാജി മാണികുളം ഉദ്ഘാടനം ചെയ്യും.
നാളെ ആനന്ദപ്പള്ളി സെന്റ് മേരീസ് ദേവാലയത്തിലാണ് യുവജനസംഗമം.
എല്ലാ രൂപതകളിൽ നിന്നുമായി 1500ഓളം യുവജനങ്ങൾ പങ്കെടുക്കും. രാവിലെ കുർബാനയ്ക്ക് യുവജന കമ്മീഷൻ ചെയർമാൻ മാർത്താണ്ഡം രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് യുവജന സെമിനാർ, സമ്മേളനം, റാലി എന്നിവ നടക്കും. സഭാതല സമിതി പ്രസിഡന്റ് ഏയ്ഞ്ചൽ മേരിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഭദ്രാസനം പ്രഥമാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ മാത്യൂസ് പോളിക്കാർപ്പസ് തുടങ്ങിയവർ പങ്കെടുക്കും. പത്തനംതിട്ട ഭദ്രാസനമാണ് യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഡയറക്ടർ ഫാ. സ്കറിയ പതാലിൽ, ജനറൽ സെക്രട്ടറി ബിബിൻ ഏബ്രഹാം, ട്രഷറർ ലിജോ ഫിലിപ്പ്, അലീന ജോസഫ്, ആൽബി കെ. ഷിജോ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എംസിവൈഎം സഭാതല യുവജനസംഗമം ഇന്നും നാളെയും
10:23 PM Oct 07, 2022 | Deepika.com