കോഴഞ്ചേരി: മണ്ണിടിച്ചില്‍ ഉണ്ടായ കോഴഞ്ചേരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട മേലുകര പ്രദേശം റവന്യു, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന്റെ മുകളിലുള്ള റബര്‍ തോട്ടത്തില്‍ മഴക്കുഴി എടുത്തതാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 26ന് ഉണ്ടായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 32 ഓളം വീടുകളിലായി 120ഓളം ആളുകള്‍ താമസിക്കുന്ന മേലുകര ലക്ഷംവീട് കോളനിക്ക് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാലവര്‍ഷം ഉണ്ടാകുകയാണെങ്കില്‍ പ്രദേശം വീണ്ടും സന്ദര്‍ശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, ബിജോ മാത്യു എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.
മണ്ണിടിച്ചിലുണ്ടായ സ്ഥലം റവന്യുസംഘം പരിശോധിച്ചു
10:23 PM Oct 07, 2022 | Deepika.com