ഗുരുവായൂർ: തൊഴിൽരഹിതർക്ക് തൊഴിൽ നൽകാൻ വാർഡുകൾ തോറും തൊഴിൽ സഭകൾക്ക് രൂപം നൽകാൻ കൗണ്‍സിൽ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതി പ്രകാരമാണിത്.
നഗരസഭയിലെ 43 വാർഡുകളിലും തൊഴിലില്ലാത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഓരോ വാർഡുകളിലും 200നും 300നുമിടയിൽ സ്ഥിരമായി ജോലിയില്ലാത്തവരുണ്ടെന്ന് കണ്ടെത്തി. വാർഡ് തൊഴിൽസഭകൾ ചേർന്ന് അർഹരുടെ പട്ടിക തയ്യാറാക്കും. 18 മുതൽ 59 വയസുവരെ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുന്നത്. ലഹരിവിരുദ്ധ പരിപാടികൾ ഉൗർജിതമാക്കാൻ തയാറാക്കിയ പദ്ധതി യോഗം അംഗീകരിച്ചു. വാർഡുകളിൽ ജനജാഗ്രത സദസ്, അതിഥി തൊഴിലാളികൾക്കിടയിൽ പ്രചരണം, വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കൽ തുടങ്ങിയവ നടത്തും.
നഗരസഭയിലെ 61 റോഡുകൾ ടാറിംഗിനായുള്ള ടെൻഡർ ക്ഷണിച്ചു. 19ന് ടെൻഡർ തുറന്ന് പരിശോധിക്കും. യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. എ.എം. ഷെഫീർ, കെ.പി. ഉദയൻ, എ.എസ്. മനോജ്, കെ.പി.എ. റഷീദ്, ശോഭ ഹരിനാരായണൻ, അജിത അജിത്ത് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
തൊഴിൽ സഭകൾക്കു രൂപം നൽകും
01:16 AM Oct 07, 2022 | Deepika.com