കൊടകര: വെള്ളിക്കുളങ്ങരയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു കയറി. പാറമണൽ കയറ്റിപോയിരുന്ന ടിപ്പർലോറിയാണ് വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ഇറക്കത്ത് നിയന്ത്രണം വിട്ടത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. റോഡരികിലെ തേക്കുമരത്തിൽ ഇടിച്ചുനിന്നതിനാൽ ദുരന്തം തലനാരിഴയ്ക്ക് വഴിമാറുകയായിരുന്നു. തകർന്ന കാബിനിൽ കുടുങ്ങിയ ഡ്രൈവർ മാരാംകോട് സ്വദേശി ബാബുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിൽസ നൽകി.
ഡോ. ജസ്റ്റിൻ പോളിന്
കനേഡിയൻ പുരസ്കാരം
കൊടകര: കാനഡയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ ഐവി ബിസിനസ് സ്കൂൾ നൽകുന്ന ഐവി ക്ലാസിക് അവാർഡിന് മറ്റത്തൂർ സ്വദേശിയും അമേരിക്കൻ സർവകലാശാല പ്രഫസറുമായ ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി അർഹനായി. ലോകമെന്പാടുമുള്ള ക്ലാസ്്മുറികളിൽ പഠിപ്പിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഏറ്റവും കൂടുതൽ വിൽപ്പനയുള്ളതുമായ കേസ് സ്റ്റഡിക്ക് നൽകുന്ന പുരസ്കാരമാണ് ഇത്. ഡോ. ജസ്റ്റിൻ പോൾ എഴുതിയ ലൂയിസ് വ്യൂട്ടൻ ഇൻ ജപ്പാൻ എന്ന കേസ് സ്റ്റഡിയാണ് അവാർഡിനു തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പത്തുവർഷമായി വർഷത്തിൽ ഒരു ലക്ഷം രൂപയോളം റോയൽറ്റി ലഭിക്കുന്നതാണ് ഡോ. ജസ്റ്റിന്റെ കേസ് സ്റ്റഡി.
ടിപ്പർ ലോറി നിയന്ത്രണംവിട്ട് തേക്കുമരത്തിൽ ഇടിച്ചു കയറി
12:51 AM Oct 06, 2022 | Deepika.com