ചിറ്റാട്ടുകര: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ഗ്രൗണ്ട് നവീകരണം തുടങ്ങി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. വിൽസണ്‍ പിടിയത്ത് നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തൃശൂരിൽ പണിയുന്ന അധ്യാപകഭവന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എടുക്കേണ്ടിവന്ന മണ്ണാണ് ചിറ്റാട്ടുകര സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ഗ്രൗണ്ട് നവീകരണത്തിന് തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ മദനമോഹനൻ അനുവദിച്ചത്. മുൻകാലങ്ങളിൽ നെൽപ്പാടമായിരുന്ന പള്ളിയോട് ചേർന്നുള്ള ഗ്രൗണ്ട്, ഹൈസ്കൂളായി ഉയർത്തപ്പെടുന്ന കാലഘട്ടത്തിൽ നികത്തപ്പെടുകയുണ്ടായെങ്കിലും കുറച്ചുവർഷങ്ങളായി ഗ്രൗണ്ട് മഴക്കാലത്ത് തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. എല്ലാവർഷവും നടത്തിവരുന്ന ഫുട്ബോൾ ടൂർണമെന്റും സ്കൂൾതല മത്സരങ്ങളും മഴയെ മുൻനിർത്തി പലപ്പോഴും ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സ്കൂൾ മാനേജ്മെന്റ് ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്. ഏകദേശം 10 ലക്ഷത്തോളം രൂപ നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന അധ്യാപകൻ എം.കെ. സൈമണ്‍ അധ്യക്ഷനായിരുന്നു. ട്രസ്റ്റിമാരായ സി.സി. ജോസഫ്, സി.ജെ. സ്റ്റാൻലി, സെബി സി.കെ. എന്നിവർ സംസാരിച്ചു.
ഗ്രൗണ്ട് നവീകരണം തുടങ്ങി
12:48 AM Oct 06, 2022 | Deepika.com