തടിയൂർ: വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അവബോധം പകരാൻ തടിയൂർ എൻഎസ്എസ് ഹൈസ്കൂളിൽ ഒരുക്കിയ ജ്യോതിർഗമയ-2022 ഏറെ ശ്രദ്ധേയമായി. 'സമൂഹമധ്യത്തിൽ തുറന്ന ഒരു ഏകദിന മ്യൂസിയം' എന്ന കാഴ്ചപ്പാടിൽ നാട്ടുശാസ്ത്രം, നാട്ടുഗണിതം, നാട്ടുജീവിതം, നാട്ടുഭക്ഷണം, നാടൻകല, നാട്ടുചരിത്രം എന്നിവയിൽ ആറ് പ്രദർശനശാലകളും ഒപ്പം സംസ്കൃതീശാലയും വിദ്യാർഥികളുടെ ചിത്ര-ശില്പ രചനകൾ പ്രദർശിപ്പിച്ച സർഗശാലയുമാണ് മേളയിൽ ഒരുക്കിയത്.
ആയിരത്തിൽപ്പരം പൗരാണികവസ്തുക്കളടങ്ങിയ പുരാവസ്തുശേഖരം മേളയിൽ ഏറെ കൗതുകമുണർത്തി. രാജഭരണകാലത്തെ നാണയങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, പ്രാചീന വീട്ടുസാമാനങ്ങൾ, ആഭരണപ്പെട്ടികൾ, വെറ്റിലച്ചെല്ലം മുതൽ എഴുത്താണി വരെയുള്ള നിത്യോപയോഗ സാധനങ്ങൾ, പൂജാസാമഗ്രികൾ, വിളക്കുകൾ, ആവിർഭാവകാലം മുതലുള്ള റേഡിയോ ട്രാൻസിസ്റ്ററുകൾ എന്നിവയെല്ലാം കാഴ്ചക്കാർക്ക് അത്ഭുതവും അറിവും പകർന്നു നൽകി. വിദ്യാർഥികളുടെ 200 എണ്ണച്ഛായ-ജലച്ഛായചിത്രങ്ങൾ, 80 കളിമൺ ശില്പങ്ങൾ എന്നിവ സർഗശാലയിൽ പ്രദർശിപ്പിച്ചു.
തടിയൂർ എൻഎസ്എസ് ടിടിഐയിലെ വിദ്യാർഥികളും അധ്യാപകരും മേളയുടെ ഭാഗമായി.
രണ്ടു മാസത്തെ പഠനാന്വേഷണങ്ങളിലൂടെ അധ്യാപകരും വിദ്യാർഥികളും കണ്ടെത്തിയ അമൂല്യവസ്തുക്കളാണ് മേളയിൽ പ്രദർശിപ്പിച്ചത്. സമീപ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപക-വിദ്യാർത്ഥികളും രക്ഷകർത്താക്കളും മേളയിൽ സജീവമായി പങ്കെടുത്തു. ഇത് ഒരു പുതിയ പഠനാനുഭവമാണെന്നും ചരിത്രം പഠക്കേണ്ടതു ജനമധ്യത്തിൽ നിന്നുകൊണ്ടാണെന്നും ഇതിനായി പുതിയ പഠനസംവിധാനങ്ങൾ ജനപങ്കാളിത്തത്തോടെ സ്കൂളിൽ ആസൂത്രണം ചെയ്യുമെന്നും പ്രധാനാധ്യാപകൻ എൻ. മനു, സ്റ്റാഫ് കോ-ഓഡിനേറ്റർമാരായ ശ്രീകല വി. നായർ, ദേവിക എസ്. കുമാർ, വി.സി. ധന്യ എന്നിവർ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അശോകൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ആർ. ശ്രീരേഖ, ടിടിഐ പ്രിൻസിപ്പൽ ആർ. ബിജു, സ്റ്റാഫ് കോ-ഓഡിനേറ്റർമാരായ ശ്രീകല വി. നായർ, ദേവിക എസ്. കുമാർ, വി.സി. ധന്യ, മുൻ അധ്യാപകൻ കൃഷ്ണക്കുറുപ്പ്, ഹെഡ്മാസ്റ്റർ എൻ. മനു, അധ്യാപിക പി.കെ. ഗിരിജ എന്നിവർ പ്രസംഗിച്ചു.
ചരിത്രത്തിന്റെ വിസ്മയജാലകം തുറന്ന് "ജ്യോതിർഗമയ 2022'
10:49 PM Oct 03, 2022 | Deepika.com