പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ (എംസിവൈഎം) സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിന്റെ ഭാഗമായി നടത്തപ്പെടുന്ന സഭാതല യുവജനദിനാഘോഷത്തിന്റെ വാഹന വിളംബര റാലി നടന്നു.
ഒന്പതിന് പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ആനന്ദപ്പള്ളി ദേവാലയത്തിലാണ് യുവജന സംഗമം നടക്കുന്നത്. 1500 ൽപ്പരം യുവജനങ്ങൾ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് പങ്കെടുക്കും.
എംസിവൈ എം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹന വിളംബരറാലി മുഖ്യ വികാരി ജനറാൾ മോൺ. ഷാജി മാണികുളം ഫ്ളാഗ് ഓഫ് ചെയ്തു.
ആനന്ദപ്പള്ളി ദേവാലയത്തിൽ റാലി എത്തിയതിനെത്തുടർന്ന് പന്തളം വൈദിക ജില്ലാ വികാരി ഫാ. ഡാനിയേൽ കുഴിത്തടത്തിൽ കോർഎപ്പിസ്കോപ്പ എംസിവൈഎം പതാക ഉയർത്തി. സഭാതല ഡയറക്ടർ ഫാ. ഏബ്രഹാം മേപ്പുറത്ത്, എംസിവൈഎം ഭദ്രാസന ഡയറക്ടർ ഫാ. സ്കറിയ പതാലിൽ, ഫാ. മാത്യു പേഴുംകൂട്ടത്തിൽ, അജോഷ് എം. തോമസ്, സുബിൻ തോമസ്, ബിബിൻ ഏബ്രഹാം, ലിജോ ഫിലിപ്പ് എന്നിവർ വിളംബര റാലിക്ക് നേതൃത്വം നൽകി. റാലിയോടുചേർന്ന് ഫ്ലാഷ് മോബും നടത്തപ്പെട്ടു.
ഹെസദ് -2022 വരവറിയിച്ച് വാഹന വിളംബരറാലി
10:45 PM Oct 03, 2022 | Deepika.com