കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് കേച്ചേരിപ്പുഴ സംരക്ഷണ പദ്ധതിയായ പുനർജ്ജനി- രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നക്ഷത്ര വനമൊരുക്കുന്നു. പാറന്നൂർ ചിറമുതൽ ചിറ നെല്ലൂർ കൂന്പുഴ പാലം വരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ വരുന്ന 12 സെൻറ് സ്ഥലത്താണ് വ്യത്യസ്തങ്ങളായ വൃക്ഷ തൈകൾ നട്ട് നക്ഷത്ര വനമൊരുക്കുന്നത്. കാഞ്ഞിരം, നെല്ലി, അത്തി, ഇത്തി, അരയാൽ, ഞാവൽ, കരിങ്ങാലി, അന്പഴം, കൂവളം, ഇലഞ്ഞി, നീർമരുത് എന്നിങ്ങനെ ഇരുപത് തരം വൃക്ഷ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. കൂടാതെ ആടലോടകം, കുറുന്തോട്ടി എന്നിവയടങ്ങിയ ഒൗഷധത്തോട്ടവും തയ്യാറാകുന്നുണ്ട്.
പ്രകൃതി രമണീയമായ കാഴ്ച്ച സമ്മാനിക്കുന്നതിന് പലനിറങ്ങളിലുള്ള മുളകളും വെച്ചുപിടിപ്പിക്കും. 1860 തൊഴിൽ ദിനങ്ങളിൽ 60 തൊഴിലുറപ്പ് തൊഴിലാളികളാണ് പദ്ധതി പൂർത്തീകരിക്കുക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള കാർഷിക സർവ്വകലാശാല കോളേജ് ഓഫ് ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെ ചൂണ്ടൽ പഞ്ചായത്ത് നടപ്പാക്കുന്ന കേച്ചേരിപ്പുഴ സംരക്ഷണം- പുനർജ്ജനി രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് ഫണ്ടിൽ നിന്നും അനുവദിച്ച 11 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
ഇതിൽ 5 ലക്ഷം രൂപ നക്ഷത്ര വനമൊരുക്കുന്നതിനും 6 ലക്ഷം രൂപ കയർ ഭൂവസ്ത്രമൊരുക്കുന്നതിനും ഉപയോഗിക്കും. കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയിലെ 29 എൻ.എസ്.എസ് വിദ്യാർത്ഥികളും പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്. കേച്ചേരിപ്പുഴയുടെ ഇരുവശവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുഴയുടെ കയ്യേറെ പ്രദേശങ്ങൾ മൂന്ന് വർഷം മുൻപേ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പുഴയുടെ മനോഹാരിത വർദ്ധിപ്പിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ശലഭോദ്യാനം, ആരോഗ്യപരിപാലനത്തിന്റ ഭാഗമായി നടപ്പാത, ജൈവ വേലി എന്നിവയുടെ നിർമ്മാണവും കേച്ചേരിപ്പുഴ സംരക്ഷണം- പുനർജ്ജനി രണ്ടാം ഘട്ടം വിഭാവനം ചെയ്യുന്നുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രേഖ സുനിൽ, വൈസ് പ്രസിഡൻറ് പി.ടി. ജോസ്, വികസന സ്റ്റാൻറിംഗ് കമ്മിററി ചെയർപേഴ്സണ് സുനിത ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി പി.എ.ഷൈല, ആസൂതണ സമിതി ഉപാദ്ധ്യക്ഷൻ ടി.സി.സെബാസ്റ്റ്യൻ മാസ്റ്റർ എന്നിവർ പറഞ്ഞു.
ചൂണ്ടൽ പഞ്ചായത്തിൽ കേച്ചേരിപ്പുഴ സംരക്ഷണത്തിനു നക്ഷത്രവനം
01:20 AM Oct 02, 2022 | Deepika.com