സ്വന്തം ലേഖകൻ
തൃശൂർ: "തന്നന്നം താനന്നം താളത്തിലാടി' പറപ്പൂരിന്റെ അപ്പൂപ്പൻമാരും അമ്മൂമ്മമാരും വിനോദയാത്രയുടെ ത്രില്ലിൽ പാടിത്തിമർത്തു. യാത്രയുടെ ആനന്ദംനുകർന്ന് കൊച്ചിയുടെ യുവത്വലഹരിയിൽ അടിച്ചുപൊളിച്ച് അവർ ഒരു ദിനം കൊണ്ടാടി.
രാവിലെ പറപ്പൂർ മാർക്കറ്റിൽനിന്ന് ആരംഭിച്ച വിനോദയാത്രയ്ക്കു ബിഷപ് മാർ ടോണി നീലങ്കാവിൽ, കല്യാണ് സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, ഡബിൾ ഹോഴ്സ് എംഡി സജീവ് മഞ്ഞില എന്നിവരുടെ നേതൃത്വത്തിൽ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിൽ സ്വീകരണം നല്കി. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, സി.ടി. ജോൺ, അഡ്വ. സി.വി. മുകുന്ദൻ, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സി.സി. ഹാൻസൺ, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നെടുന്പാശേരി വിമാനത്താവളത്തിൽ നല്കിയ സ്വീകരണച്ചടങ്ങിലും ഹൈക്കോടതിയിൽ വയോജനസംഗമത്തിലും പങ്കെടുത്ത് ഫോർട്ട്കൊച്ചിയിലെത്തി.അവിടെ പ്രധാനസ്ഥലങ്ങൾ സന്ദർശിച്ച് വല്ലാർപാടംവഴി മെറൈൻ ഡ്രൈവിലെത്തി കൊച്ചിക്കായലിൽ ബോട്ടിംഗും നടത്തിയാണ് മടങ്ങിയത്. എട്ടു ബസുകളിലായി 365 വയോജനങ്ങൾ യാത്രയിൽ പങ്കെടുത്തു.
വയോജന ദിനത്തോടനുബന്ധിച്ച് പറപ്പൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയാണു വിനോദയാത്ര ഒരുക്കിയത്. തോളൂർ പഞ്ചായത്തിലെ 65 വയസ് കഴിഞ്ഞവരും മറ്റു പഞ്ചായത്തുകളിലെ 70 കഴിഞ്ഞവരും ജില്ലയിലെ എല്ലാ ഓർഫനേജുകളിലെയും 60 തികഞ്ഞ അന്തേവാസികളുമാണ് യാത്രയിലുണ്ടായിരുന്നത്. പറപ്പൂരിൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ആന്റണി ആലൂക്കയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചേർന്നാണു യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ അധ്യക്ഷത വഹിച്ചു.
വിനോദയാത്രയുടെ ത്രില്ലിൽ അപ്പൂപ്പൻമാരും അമ്മൂമ്മമാരും!
12:43 AM Oct 02, 2022 | Deepika.com