കോഴഞ്ചേരി: മഹാത്മാഗാന്ധിയുടെ തികഞ്ഞ ഒരു ഭക്തനാണ് ഇലന്തൂരിലെ കൊച്ചുകുഞ്ഞ്. മഹാത്മാഗാന്ധിയുടെ ഇലന്തൂര്‍ സന്ദര്‍ശനവും പ്രസംഗവുമെല്ലാം നൂറ്റിമൂന്നാം വയസിലും അദ്ദേഹത്തിന്റെ മനസില്‍ പച്ചപ്പുള്ള സ്മരണകളാണ്. ഒപ്പം ഗാന്ധിജി പ്രസംഗിച്ച സ്ഥലം ഏറെ കൃത്യതയോടെ സമീപകാലംവരെയും സംരക്ഷിച്ചുവന്നത് കൊച്ചുകുഞ്ഞാണ്. 1937 ജനുവരി 20നാണ് മഹാത്മാഗാന്ധി ഇലന്തൂരിലെത്തിയത്. അന്ന് കൊച്ചുകുഞ്ഞിന് 17 വയസ് മാത്രം.
കാലിനു സ്വാധീനംകുറവുള്ള തന്നെ ഗാന്ധിജി വന്നതറിഞ്ഞ് അച്ഛനും അമ്മയും എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്ന് കൊച്ചുകുഞ്ഞ് പറയുന്നു. പാടത്തു കൊയ്ത്തു നടക്കുന്ന സമയമായിരുന്നതിനാല്‍ തൊഴിലാളികളെല്ലാം അതേവേഷത്തിലാണ് ഇലന്തൂരിലെ യോഗസ്ഥലത്തേക്കെത്തിയത്. ഇപ്പോഴത്തെ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന പെരുമേലില് പുരയിടത്തില്‍ തയാറാക്കിയ പന്തലിലാണ് ഗാന്ധിജി പ്രസംഗിച്ചത്. പെരുമേലിക്കാവ് എന്നാണ് അന്ന് അവിടം അറിയപ്പെട്ടിരുന്നതെന്ന് ഇലന്തൂരിലെ പഴയതലമുറ പറയുന്നു.
ഗാന്ധിജി പ്രസംഗിച്ച സ്ഥലവും മറ്റും അടുത്ത കാലംവരെ കൃത്യമായി തൂത്തുവൃത്തിയാക്കാനൊക്കെ കൊച്ചുകുഞ്ഞുണ്ടായിരുന്നു. സ്ഥലത്ത് ഗാന്ധിപ്രതിമയും സ്മാരകവുമെല്ലാം പഞ്ചായത്ത് നിര്‍മിച്ചതില്‍ ഏറെ സന്തുഷ്ടനാണ് കൊച്ചുകുഞ്ഞ്. ഗാന്ധിജിയുടെ സന്ദര്‍ശനശേഷം കെ. കുമാര്‍ജി, ഖദര്‍ ദാസ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇലന്തൂരില്‍ നടന്ന സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഖാദി പ്രസ്ഥാനങ്ങളുമെല്ലാം ഓര്‍മയില്‍ സൂക്ഷിക്കുകയാണ് അദ്ദേഹം.
കുമാര്‍ജിയുടെ നേതൃത്വത്തില്‍ ഹരിജനോദ്ധാരണവുമായി ബന്ധപ്പെട്ടു പിന്നീടു നടത്തിയ മുന്നേറ്റങ്ങളും സ്കൂളുകള്‍ സ്ഥാപിച്ചതുമെല്ലാം നാട്ടില്‍ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ സ്മരണകള്‍ അവിവാഹിതനായ കൊച്ചുകുഞ്ഞ് അധികമാരോടും പങ്കുവച്ചിരുന്നില്ല. മഹാത്മാഗാന്ധിയുടെ സ്മരണകള്‍ മനസില്‍ കൊണ്ടുനടക്കാനാണ് കൊച്ചുകുഞ്ഞും ഇഷ്ടപ്പെട്ടത്. മുഖ്യധാരയില്‍ നിന്നു മാറിനില്‍ക്കുന്നതിനാല്‍ കൊച്ചുകുഞ്ഞിന്റെ സ്മരണകളെ അധികമാരും ഗൗനിച്ചതുമില്ല.
ഇലന്തൂരിലെ ഗാന്ധിസ്മൃതികള്ക്ക് കൊച്ചുകുഞ്ഞിന്റെ മനസില്‍ ഇന്നും പച്ചപ്പ്
10:56 PM Oct 01, 2022 | Deepika.com