തൃശൂർ: സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്ക്) ഫെബ്രുവരിയിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രഫ. അനുരാധ കപ്പൂർ, പ്രഫ. ദീപൻ ശിവരാമൻ, പ്രഫ. ബി. അനന്തകൃഷ്ണൻ എന്നിവരായിരിക്കും നാടകോത്സവത്തിന്റെ ഡയറക്ടർമാർ. ഒന്നിക്കണം മാനവീകത എന്നപ്രമേയമാണ് ഇത്തവണ നാടകോത്സവം മുന്നോട്ടുവയ്ക്കുന്നത്.
മൂന്നുമുതൽ നാലുകോടിരൂപവരെയാണു ചെലവു പ്രതീക്ഷിക്കുന്നത്. സർക്കാരിനോടു പ്രത്യേക സഹായം അഭ്യർഥിക്കുന്നുണ്ട്. ഇതുകൂടാതെ അഞ്ചു കേന്ദ്രങ്ങളിലായി ചാക്യാർകൂത്ത് - ഓട്ടൻതുള്ളൽ മഹോത്സവം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 10 കേന്ദ്രങ്ങളിൽ കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും.
കൂടാതെ, പ്രഫഷണൽ നാടകോത്സവവും സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുത്ത 50 നാടകങ്ങളാണ് ഇതിൽ അവതരിപ്പിക്കുക. ഓരോ നാടകത്തിനും നാലുലക്ഷം രൂപ വീതം ധനസഹായം നൽകും.
ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി ഇൻ ചാർജ് കെ. ജനാർദനൻ, വിദ്യാധരൻ, കലാമണ്ഡലം ശിവൻ നന്പൂതിരി, വി.ഡി. പ്രേംപ്രസാദ്, ഫ്രാൻസിസ് ടി. മാവേലിക്കര എന്നിവർ പങ്കെടുത്തു.
ഇറ്റ്ഫോക്ക് നാടകോത്സവം ഫെബ്രുവരിയിൽ
12:59 AM Oct 01, 2022 | Deepika.com