പറപ്പൂർ: വയോജന ദിനത്തോടനുബന്ധിച്ച് ഇന്നു വയോജനങ്ങൾക്കായി സൗജന്യ വിനോദയാത്ര. പറപ്പൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയാണു യാത്ര ഒരുക്കിയിരിക്കുന്നത്. തോളൂർ പഞ്ചായത്തിലെ 65 വയസ് കഴിഞ്ഞവരും തൃശൂർ ജില്ലയിൽ ഇതര പഞ്ചായത്തുകളിലെ 70 വയസു കഴിഞ്ഞവരും ജില്ലയിലെ എല്ലാ ഓർഫനേജുകളിലെയും 60 വയസു തികഞ്ഞ അന്തേവാസികൾക്കുമായാണു യാത്ര നടത്തുന്നത്. നാനൂറോളം വയോജനങ്ങൾ യാത്രയിൽ പങ്കെടുക്കുമെന്നു പ്രസിഡന്റ് സി.സി. ഹാൻസൻ, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
വാർധക്യത്തിലും തേടിയെത്തുന്ന ആനന്ദയാത്ര നാളെ രാവിലെ 7.45ന് പറപ്പൂർ മാർക്കറ്റിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ഫാ. ആന്റണി ആലൂക്കയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസണ് അധ്യക്ഷത വഹിക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് മുഖ്യാതിഥിയായിരിക്കും.8.30ന് തൃശൂർ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിൽ നൽകുന്ന സ്വീകരണ യോഗത്തിൽ ബിഷപ് മാർ ടോണി നീലങ്കാവിൽ പങ്കെടുക്കും. കല്യാണ് സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, ഡബിൾ ഹോഴ്സ് എംഡി സജീവ് മഞ്ഞില എന്നിവർ പങ്കെടുക്കും.
11 ന് നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന വയോജന സംഘത്തെ സിയാൽ എംഡി എസ്. സുഹാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ എന്നിവർ സ്വീകരിക്കും.12.30 ന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ചേരുന്ന വയോജന സംഗമം ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പങ്കെടുക്കും. ഫോർട്ട് കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വല്ലാർപ്പാടം വഴി മറൈൻ ഡ്രൈവിലെത്തി കൊച്ചി കായലിൽ ബോട്ടിംഗും നടത്തും. കോവിഡ് കാലത്ത് മുടങ്ങിയ കാരുണ്യ യാത്ര പുനരാരംഭിക്കുന്ന ആഹ്ലാദ നിറവിലാണ് എല്ലാവരും.
വിനോദയാത്ര ഒരുക്കി കാരുണ്യ സൊസൈറ്റി
12:55 AM Oct 01, 2022 | Deepika.com