ചാലക്കുടി: കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കൊന്നക്കുഴി ഷാജിയടക്കം എട്ടുപേരെ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി സിഐ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ പിടികൂടി.
ചാലക്കുടി റെയിൽവേ മേൽപാലത്തിനു സമീപമുള്ള ഗ്രീൻ സിറ്റി ക്ലബിലാണ് അനുമതിയില്ലാതെ ചൂതാട്ടം നടന്നിരുന്നത്. പുറത്തു നിന്നും ആളെത്തിയാൽ വിവരം നൽകാനായി കാവൽക്കാരേയും നിയോഗിച്ചായിരുന്നു ചൂതാട്ടം നടന്നിരുന്നത്. ലോറി ഡ്രൈവർമാരെന്ന വ്യാജേനയെത്തിയാണ് പോലീസ് സംഘം കെട്ടിടം വളഞ്ഞ് ചൂതാട്ട സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും ചൂതാട്ട സാമഗ്രികളും പതിനായിരത്തിൽ പരം രൂപയും പിടിച്ചെടുത്തു.
ചാലക്കുടി എസ്ഐ സിദ്ദിഖ് അബ്ദുൾ ഖാദർ, അഡീഷണൽ എസ്ഐ സി.വി.ഡേവിസ്, ക്രൈം സ്ക്വാഡ് എസ്ഐ ജിനു മോൻ തച്ചേത്ത്, എഎസ്ഐ മാരായ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, മൂസ പി.എം, സീനിയർ സിപിഒമാരായ വി.യു. സിൽജോ, കെ.കെ. ബൈജു, എ.യു. റെജി , ഷിജോ തോമസ്, ബൈജു റ്റി.റ്റി എന്നിവരാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച സംഘത്തിനെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിൽ ചൂതാട്ടം: എട്ടുപേർ പിടിയിൽ
12:39 AM Sep 30, 2022 | Deepika.com