ഇരിങ്ങാലക്കുട: അരിപ്പാലത്ത് സ്വകാര്യബസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു. അരിപ്പാലം സ്വദേശി കോഴേക്കാടൻ വീട്ടിൽ സുബീഷ് (30) നെയാണ് കാട്ടൂർ എസ്ഐ മണികണ്ഠനും സംഘവും അറസ്റ്റു ചെയ്തത്.
അരിപ്പാലം സെന്ററിൽ വെച്ചാണ് സംഭവം. എസ്എൻ പുരത്തുനിന്നും അരിപ്പാലം വഴി ഇരിങ്ങാലക്കുടയിലേക്ക് സർവീസ് നടത്തുന്ന ഇഎസ്പി ബസ് പ്രതി തടഞ്ഞു നിർത്തുകയും ഏറെ നേരം ഇതു തുടർന്നപ്പോൾ ചോദ്യം ചെയ്യാൻ ഇറങ്ങി വന്ന ബസ് ഡ്രൈവറെ മർദിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഏറെ നേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കാട്ടൂർ പോലീസ് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റ ബസ് ഡ്രൈവർ എടക്കുളം കൊട്ടാരത്തിൽ വീട്ടിൽ രാമുവിന്റെ മകൻ രാജേഷ് (49) ഇരിങ്ങാലക്കുട ആശുപത്രിയിൽ ചികിത്സ തേടി.
ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചു, പ്രതി അറസ്റ്റിൽ
12:39 AM Sep 30, 2022 | Deepika.com