ഇരിങ്ങാലക്കുട: ഗുജറാത്തിൽ നടക്കുന്ന 36മത് നാഷണൽ ഗെയിംസിൽ ക്രൈസ്റ്റ് കോളജ് വിദ്യാർഥികളും പൂർവ വിദ്യാർഥികളുമടക്കം പതിനാലുപേർ കേരളത്തിനായി ജേഴ്സിയണിയും.
കായിക കേരളത്തിന് മികച്ച സംഭാവന നൽകുന്ന കോളജുകളിലൊന്നാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്. എൻഎഎസി, എൻഐആർഎഫ് എന്നിവയിൽ സ്പോർട്സ്ന് വലിയ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് തന്നെ പല കോളജുകളും പിന്നോട്ട് പോകുന്ന സാഹചര്യത്തിലും ക്രൈസ്റ്റ് കോളജ് സ്പോർട്സിന് പ്രാധാന്യം കുറയ്ക്കുന്നില്ലെന്ന് പ്രിസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് പറഞ്ഞു.
അത്ലറ്റിക്സ് വനിതാ വിഭാഗത്തിൽ സാന്ദ്ര ബാബു, മീരാ ഷിബു, ആർ. ആരതി എന്നിവർ ഇപ്പോഴുള്ള വിദ്യാർഥികളും ഏയ്ഞ്ചൽ പി. ദേവസ്യ പൂർവ വിദ്യാർഥിയുമാണ്. വോളിബോളിൽ ആൾ റൗണ്ടറായ അരുണ്‍ സക്കറിയ, സോഫ്റ്റ് ടെന്നിസിൽ ആര്യ, വിസ്മയ, അക്ഷയ, സഞ്ജു എന്നിവരും നെറ്റ്ബോളിൽ പൂർവ വിദ്യാർഥികളായ ജോസ്മോൻ, രാഹുൽ, ഹംസ, ബേസിൽ എന്നിവരും ഇപ്പോൾ പിജി വിദ്യാർഥിയും സ്പോർട്സ് കൗണ്‍സിൽ അവാർഡ് ജേതാവുമായ അനിരുദ്ധനുമാണ് ക്രൈസ്റ്റ് കോളജിന്റെ സംഭാവന.
കേരളത്തിലെ കോളജുകൾ നാഷണൽ ഗെയിംസിന് നൽകിയ സംഭാവനകളിൽ ഏറ്റവും കൂടുതൽ ക്രൈസ്റ്റിൽ നിന്നാണെന്ന് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ പറഞ്ഞു.
നാഷണൽ ഗെയിംസിൽ കേരളത്തിന് കരുത്തേകാൻ ക്രൈസ്റ്റ്
12:39 AM Sep 30, 2022 | Deepika.com