ചിറ്റാർ: ശബരിമല സമാന്തര പാതയായ ആങ്ങമൂഴി- പ്ലാപ്പള്ളി റോഡ് ഒക്ടോബർ 15നകം നിർമാണം പൂർത്തീകരിക്കാൻ സ്ഥലം സന്ദർശിച്ച കെ.യു. ജനീഷ് കുമാർ എംഎൽഎ നിർദേശം നല്കി.
ഉന്നത നിലവാരത്തിൽ നിർമാണം ആരംഭിച്ചെങ്കിലും നിലയ്ക്കൽ ശുദ്ധജല വിതരണപദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതുമായി ബന്ധപ്പെട്ട് കൊണ്ട് റോഡ് നിർമാണം തടസപ്പെടുകയായിരുന്നു.
പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നീണ്ടുപോയത് റോഡ് നിർമാണം തടസപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കി. ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കരാർ കമ്പനി ഗുരുതര വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഈ കരാർ കമ്പനിയെ നീക്കം ചെയ്തിരുന്നു.
ആങ്ങമൂഴി പ്ലാപ്പള്ളി റോഡിൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ജോലികൾ ജലഅഥോറിറ്റി നേരിട്ട് പൂർത്തീകരിച്ചതിനു ശേഷമാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമാണത്തിനു വേണ്ടി കൈമാറിയിട്ടുള്ളത്.
മഴക്കെടുതിയുടെ ഭാഗമായി റോഡിന്റെ കൂടുതൽ ഭാഗം തകർന്നതും എസ്റ്റിമേറ്റ് തയാറാക്കി വർഷങ്ങൾ കഴിഞ്ഞതിനാൽ സാമഗ്രികളുടെ വില ഉയർന്നതും കാരണം കരാറുകാരൻ നിർമാണ ജോലികളിൽ നിന്നു പിൻവാങ്ങാൻ കത്തു നൽകിയിരുന്നു. വിഷയം ജനീഷ് കുമാർ എംഎൽഎ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തുകയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി നിർദേശം നൽകുകയും ചെയ്തു. തുടർന്ന് ഇന്നലെ സ്ഥലപരിശോധന നടത്തിയശേഷം ബന്ധപ്പെട്ടവരുടെ യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി ടി. ഈശോ, കെ.കെ. മോഹനൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അംബിക രാജേഷ്, അസിസ്റ്റന്റ് എൻജിനിയർ ഷാജി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആങ്ങമൂഴി- പ്ലാപ്പള്ളി റോഡ് നിർമാണം 15നകം പൂർത്തീകരിക്കാൻ നിർദേശം
10:24 PM Sep 29, 2022 | Deepika.com