കൊടുങ്ങല്ലൂർ: കഞ്ചാവും ലഹരി ഗുളികയും ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടവരെ എക്സൈസ് പിടികൂടി. കോട്ടപ്പുറം മുസിരിസ് പാർക്കിൽനിന്നും കഞ്ചാവും ലഹരി ഗുളികയും ഉപയോഗിച്ച് ബോധമില്ലാത്ത രീതിയിൽ ഇരുന്ന യുവാക്കളെയാണ് കൊടുങ്ങല്ലൂർ എക്സൈസ് പിടികൂടിയത്.
ഇവരുടെ പക്കൽനിന്നും ലഹരി ഗുളികയും കണ്ടെടുത്തു. കൊല്ലം പത്തനാപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് പിടിയിലായത്. നെസ്മൽ, നിബിൻ, അൻസാഫ്, അഭിജിത്ത് എന്നിവരെയാണ് നർകോട്ടിക്ക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാംനാഥും സംഘവും പിടികൂടിയത്.
ചോദ്യംചെയ്യലിൽ പ്രതികൾ ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ വിനോദയാത്രയെന്ന വ്യാജേന പോയി മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. മുസിരിസ് പാർക്കിൽ ഇത്തരത്തിൽ നിരവധി യുവാക്കൾ തന്പടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
ലഹരി ഗുളിക ഉപയോഗിച്ചവരെ പിടികൂടി
12:34 AM Sep 29, 2022 | Deepika.com