വടക്കാഞ്ചേരി: നഗരസഭയിലെ ഓട്ടുപാറ കുളം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ തുടർ നടപടികളും പൂർത്തിയായതായി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.
വടക്കാഞ്ചേരി നഗര സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസാണ് ഓട്ടുപാറ കുളം. കഴിഞ്ഞ മൂന്നുവർഷം മുന്പ് നഗരസഭ പദ്ധതി തയാറാക്കി കളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ആഴം കൂട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും, കെട്ടി സംരക്ഷിക്കാനാവശ്യമായ പദ്ധതി പ്രവർത്തനം നിർവഹിച്ചതുമാണ്. കുറച്ചു കാലം കുളവും, പരിസരവും വൃത്തിയായി കിടക്കുകയും ചെയ്തു. ഇപ്പോൾ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുംമറ്റും മാലിന്യങ്ങൾ തള്ളുന്നതായി വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.
ജലസ്രോതസ് സംരക്ഷിയ്ക്കുന്നതിനാവശ്യമായിട്ടുള്ള അർബൻ അക്കോമഡേഷൻ ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുമെന്ന തയാറെടുപ്പിലാണ് നഗരസഭ. കൂടാതെ പ്രധാനപ്പെട്ട ജല സ്രോതസ് എന്ന രീതിയിൽ അതിന്റെ ചുറ്റുപാടും പാർക്ക്, പൂന്തോട്ടം എന്നിവ ഉൾപ്പടേയുള്ള സംവിധാനങ്ങൾ ഒരുക്കാൻ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ സഹായത്തോടെ പദ്ധതി തയാറാക്കുന്നുണ്ടെന്നും വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.
ഓട്ടുപാറ കുളം സംരക്ഷണം: തുടർനടപടികൾ പൂർത്തിയായി
12:50 AM Sep 28, 2022 | Deepika.com