തിരുവില്വാമല: കൊണ്ടാഴി - കുത്താന്പുള്ളി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സ്ഥലമേറ്റെടുപ്പ് നടന്നു. കുത്താന്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തിൽ നടന്ന ചടങ്ങ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഏറ്റെടുക്കുന്നതിന്റെ 21 പേർക്കുള്ള രേഖകൾ ഉടമസ്ഥർക്കു മന്ത്രി കൈമാറി. പുനരിധവാസ പാക്കേജായി ഒരാൾക്ക് 311258 രൂപയും നൽകി.
ഭൂമി ഏറ്റെടുക്കലിനുവേണ്ടി ആകെ 6.27 കോടി രൂപയാണു സർക്കാർ അനുവദിച്ചിട്ടുളളത്. ഭൂമി കൈമാറിയതിന്റെ മുഴുവൻ രേഖകളും മന്ത്രി കെ. രാധാകൃഷ്ണൻ കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്തിനു കൈമാറി. 2016-17 കിഫ്ബി സ്കീമിൽ ഉൾപ്പടുത്തി ചേലക്കര നിയോജക മണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും - കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപ്പുഴക്കു കുറുകെ നിർമിക്കുന്നതിനുള്ള പദ്ധതിയാണിത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ശ്രീജയൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് എം. ഉദയൻ, പഞ്ചായത്തംഗങ്ങളായ എം. ഗിരിജ, യു. ദേവി, എഡിഎം റെജി പി. ജോസഫ്, തഹസിൽദാർ എം.കെ. കിഷോർ, സ്പെഷൽ തഹസിൽദാർ എം.ബി. ജ്യോതി എന്നിവർ പ്രസംഗിച്ചു.
കൊണ്ടാഴി - കുത്താന്പുള്ളി പാലം സ്ഥലമേറ്റെടുപ്പു പൂർത്തിയായി
12:46 AM Sep 27, 2022 | Deepika.com