കോന്നി: ഹൊഗനെക്കൽ മാതൃക പിന്തുടർന്ന് കോന്നി അടവിയിൽ ആരംഭിച്ച കുട്ടവഞ്ചി ജനപ്രിയമാകാൻ അധികകാലം വേണ്ടിവന്നില്ല. ഇന്നിപ്പോൾ ഗ്രാമീണ ടൂറിസം പദ്ധതിയിൽ വനംവകുപ്പിന് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുന്ന ഇടമായി അടവി ഇക്കോ ടൂറിസം മാറി.
27 കുട്ടവഞ്ചികളും അത്രയും തന്നേ പരിശീലനം ലഭിച്ച തുഴച്ചിലുകാരുമാണ് അടവിയിലുള്ളത്. അവധിദിനങ്ങളിലാണ് അടവിയിൽ തിരക്കേറുന്നത്.
കോന്നി - അടവി - ഗവി ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള യാത്രയിലും സഞ്ചാരികളെത്തുന്നു. അടവിയിൽ തന്നെ സഞ്ചാരികൾക്കായി താമസസൗകര്യം അടക്കം വനംവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.
എന്നാൽ, ആഭ്യന്തര സഞ്ചാരികളേറെയും കുട്ടവഞ്ചി സവാരിക്കാണ് അടവിയിലെത്തുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ 7.30 ലക്ഷം രൂപമായിരുന്നു വരുമാനം. ഓഗസ്റ്റിൽ ഇത് അഞ്ചരലക്ഷമായി കുറഞ്ഞു. മഴ നിയന്ത്രണങ്ങളേ തുടർന്ന് അടച്ചിടേണ്ടിവന്നതാണ് പ്രധാന കാരണം. മഴ തുടർന്നതോടോ ഓണം അവധി നാളിൽ ഒന്‍പതു ദിവസം മാത്രമാണ് പ്രവർത്തിച്ചത്. വരുമാനം 4,40,500 രൂപയായിരുന്നു.
കല്ലാര്‍ നദിയിലൂടെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കാനുള്ള ദീർഘ ദൂര യാത്രയ്ക്ക് അവസരമുണ്ട്. കുട്ടവഞ്ചി യാത്രയ്ക്ക് സാധാരണ രണ്ട് പാക്കേജുകള്‍ ലഭ്യമാണ്. നാല് പേര്‍ക്ക് 400 രൂപയ്ക്ക് സവാരി ചെയ്യാവുന്ന് ചെറു യാത്രയും 800 രൂപയ്ക്ക് നടത്താവുന്ന ദീർഘദൂര യാത്രയുമുണ്ട്. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവർത്തനസമയം.
കുട്ടവഞ്ചി ഇന്നിപ്പോൾ പ്രാദേശികമായി നിർമിച്ചു തുടങ്ങിയിട്ടുണ്ട്. അടവിക്കു പിന്നാലെ ഗവി റൂട്ടിലെ ആങ്ങമൂഴി കിളിയെറിഞ്ഞാംകൊല്ല് ചെക്ക്പോസ്റ്റിനു സമീപവും കുട്ടവഞ്ചി സവാരി കേന്ദ്രമുണ്ട്.
പുഴവീടുകളിൽ
താമസമാകാം
കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിക്കൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒരു രാത്രി കഴിച്ചുകൂട്ടാൻ ആഗ്രഹിക്കുന്നവർക്കായി നദിയുടെ തീരത്ത് മരങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന പുഴവീടുകൾ (ബാംബൂ ഹട്ട്) ഒരുക്കിയിട്ടുണ്ട്. മണ്‍സൂണ്‍ കാലമാണ് അടവി ആസ്വാദിക്കാന്‍ പറ്റിയ സമയം. ആ സമയങ്ങളില്‍ കല്ലാര്‍ നദിയില്‍ തെളിഞ്ഞ വെള്ളവും ചുറ്റും പച്ചപ്പും ഒക്കെയായി നല്ലൊരു വിരുന്നാകും പ്രകൃതി ഒരുക്കിവച്ചിരിക്കുക.
പുഴവീടുകളില്‍ താമസിക്കാന്‍ സിംഗിള്‍ ഹട്ടില്‍ നാല് പേര്‍ക്ക് ഒരു ദിവസത്ത്ക് താമസിക്കാന്‍ 4000 രൂപയാണ് ഈടാക്കുന്നത്.
അടവി ഇക്കോടൂറിസം കേന്ദ്രത്തിന് സമീപത്തായിട്ടാണ് മണ്ണീറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 2008ല്‍ കോന്നി ആനക്കൂട് കേന്ദ്രീകരിച്ച് ആവിഷ്കരിച്ച കോന്നി - അടവി ഇക്കോ ടൂറിസം പദ്ധതിയില്‍ ഈ വെള്ളച്ചാട്ടവും ഉള്‍പ്പെടുന്നുണ്ട്. കോന്നി ആനക്കൂടില്‍ നിന്നും 13 കിലോമീറ്റർ അകലെയാണ് അടവി സ്ഥിതി ചെയ്യുന്നത്. 1942 ല്‍ സ്ഥാപിച്ച ആനക്കൂടും പരിസരവും ഏകദേശം ഒന്‍പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.
അടവിയിലേക്ക്...
അടവിയിലെത്തേണ്ടത് പത്തനംതിട്ടയില്‍ നിന്നും കുമ്പഴ - കോന്നി വഴിയാണ് (20 കിലോമീറ്റർ) എളുപ്പമുള്ള മാർഗം. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍ 33 കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂര്‍ സ്റ്റേഷനും, 40 കിലോമീറ്റർ അകലെയുള്ള തിരുവല്ലയുമാണ്.
ഹൊഗനെക്കൽ മാതൃകയിൽ കുട്ടവഞ്ചി, ജനപ്രിയമായി അടവിയിലെ സഞ്ചാരം
10:37 PM Sep 26, 2022 | Deepika.com