ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടമാക്കി പണിതശേഷവും കാനയുടെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകൾ നീക്കം ചെയ്യാൻ വൈകുന്നതു അപകടഭീഷണിയാകുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു മുന്നിൽ ടൗണ്‍ഹാൾ റോഡിൽ നിന്നു ഠാണാ-ബസ് സ്റ്റാൻഡ് റോഡിലേക്കു തിരിയുന്ന ഭാഗത്താണു ചെരിഞ്ഞുനിൽക്കുന്ന നിലയിൽ നാലു സ്ലാബുകൾ ഭീഷണിയാകുന്നത്.
പ്രധാന റോഡിൽ നിന്നു ടൗണ്‍ഹാൾ റോഡിലേക്കു തിരിഞ്ഞു പോകുന്ന വാഹനങ്ങൾക്കാണ് ഇത് ഏറെ അപകടഭീഷണിയാകുന്നത്. ഏറെ തിരക്കേറിയ ഈ റോഡിൽ ഇരുചക്രവാഹനങ്ങൾ സ്ലാബിൽ തടഞ്ഞു വീഴുന്നതു പതിവാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നേരത്തെ റോഡിനോടു ചേർന്നുണ്ടായിരുന്ന കെട്ടിടത്തിനു മുന്നിലുണ്ടായിരുന്ന കാനയുടെ സ്ലാബുകളാണു ചെരിഞ്ഞുനിൽക്കുന്നത്.
സ്വകാര്യവ്യക്തി തന്റെ ഷോപ്പിംഗ് കോംപ്ലക്സിനോടു ചേർത്തു പിന്നിലേക്കു നീക്കി കെട്ടിടം നിർമിച്ചു റോഡിനോടു ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി.
എന്നാൽ സ്ലാബുകൾ ഇപ്പോഴും റോഡിൽത്തന്നെയാണ്. എത്രയും വേഗം സ്ലാബുകൾ നീക്കി റോഡിലെ തടസം പരിഹരിക്കാൻ തയാറാകണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
അപകടഭീഷണിയായി സ്ലാബുകൾ
12:49 AM Sep 26, 2022 | Deepika.com