പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവർണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവർത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമർശിക്കേണ്ടതില്ല. സമൂഹത്തിലെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ജൂബിലി സമാപനചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ജൂബിലി സന്ദേശം നൽകി. വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ, എഫ്സിസി പ്രൊവിൻഷ്യൽ സിസ്റ്റർ അമല എഫ്സിസി, സിബിസിഐ ലെയ്റ്റി കൗണ്സിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പൗരോഹിത്യജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഇടവകാംഗമായ ഫാ. മാത്യു എംബ്രായിൽ, 42 വർഷക്കാലമായി ഇടവകയിൽ അക്കൗണ്ടന്റായി സേവനം ചെയ്യുന്ന തോമസുകുട്ടി കിഴക്കേത്തലയ്ക്കൽ എന്നിവരെ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. ഇടവക ഡയറക്ടറിയുടെയും ജൂബിലി സുവനീറിന്റെയും പ്രകാശനവും നിർവഹിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട പൊന്തിഫിക്കൽ കുർബാനയോടെ ജൂബിലി സമാപന ആഘോഷങ്ങൾ ആരംഭിച്ചു.
തുടർന്ന് സെന്റ് മേരീസ് പള്ളി കവാടത്തിലെത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് ഇടവക വിശ്വാസിസമൂഹം ആവേശോജ്വലമായ വരവേല്പ് നൽകി സെന്റ് മേരീസ് ഓഡിറ്റോറത്തിലേയ്ക്ക് ആനയിച്ചു. ജൂബിലി സ്മരണയ്ക്കായി കർദിനാൾ വൃക്ഷത്തൈ നട്ടു.
പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കൾ: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
10:51 PM Sep 25, 2022 | Deepika.com