പത്തനംതിട്ട: വ്യാപാരികളുടെ അമിതമായ തൊഴിൽക്കരം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം 4.30ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവൽസ്റ്റേഷൻ പടിക്കൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഒരു പ്രദേശത്തും തൊഴിൽക്കരം വർധിപ്പിച്ചിട്ടില്ല. എന്നാൽ ജില്ലയിൽ വ്യാപാരികളുടെ തൊഴിൽക്കരം അമിതമായി വർധിപ്പിച്ച് ഡിമാന്‍ഡ് നോട്ടീസുകൾ നൽകുകയാണ്. നഗരസഭാ കൗൺസിലുകളുടെ തീരുമാനമോ അംഗീകാരമാ ഇല്ലാതെയാണ് ഈ അമിതവർധന നടപ്പാക്കിയിരിക്കുന്നതെന്ന് ഏകോപനസമിതി കുറ്റപ്പെടുത്തി. ജിഎസ്ടി നടപ്പാക്കലും വെള്ളപ്പൊക്ക ദുരന്തങ്ങളും അതിനുശേഷമുള്ള കോവിഡുമെല്ലാം വ്യാപാരമേഖലയെ പൂർണമായി തകർത്തുകളഞ്ഞു. വ്യാപാരമാന്ദ്യം അതിരൂക്ഷമാണ്. വ്യാപാര വ്യവസായമേഖല വലിയ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിൽക്കരം അമിതമായി വർധിപ്പിച്ചതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. നഗരസഭയുടെ നഷ്ടം നികത്താൻ ഉദ്യോഗസ്ഥരെ കരുവാക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കും നൽകുവാനുള്ള ബഹുജന പരാതിയിൽ ഒപ്പും ശേഖരണവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് സെക്രട്ടറി ഷാജി മാത്യു, കെ.പി. തമ്പി, ആലിഫ് ഖാൻ മേധാവി, കെ. സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തൊഴിൽക്കരം വർധന; വ്യാപാരി ധർണ ഇന്ന്
10:48 PM Sep 25, 2022 | Deepika.com