വടക്കാഞ്ചേരി: ആരോഗ്യ മേഖലയിൽ വൻ കുതിപ്പുമായി വടക്കാഞ്ചേരി നിയോജകമണ്ഡലം. നിരവധി പദ്ധതികൾക്കാണു കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ തുക അനുവദിച്ച് തുടക്കം കുറിക്കാനായത്. ആരോഗ്യ മേഖലയിലെ ഈ വികസന കുതിപ്പിനു തുടർച്ച എന്നോണം അവണൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് 1.43 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അവണൂർ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ കൂടുതൽ തുക ആവശ്യമാണെന്ന് എംഎൽഎ വിളിച്ചുചേർത്ത മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച യോഗത്തിൽ ചർച്ച ചെയ്യുകയും ആയതിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി തയാറാക്കി സമർപ്പിക്കുവാൻ എംഎൽഎ നിർദേശിക്കുകയും ചെയ്തിരുന്നു.
അപ്രകാരം സമർപ്പിച്ച പദ്ധതിയ്ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ച് ഒരു കോടി 43 ലക്ഷം രൂപ അനുവദിച്ചത്. രജിസ്ട്രേഷൻ കൗണ്ടർ, പ്രീ-ചെക്കപ്പ് ഏരിയ, രോഗീസൗഹൃദ കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് സൗകര്യത്തോടുകൂടിയ ഒപി കണ്സൾട്ടേഷൻ മുറികളും ഒബ്സർവേഷൻ റൂമും നഴ്സിംഗ് സ്റ്റേഷനും ഇൻജെക്ഷൻ റൂം ഡ്രെസ്സിംഗ് റൂം, ഇമ്മ്യൂനൈസേഷൻ റൂം, പബ്ലിക് ഹെൽത്ത് സ്റ്റാഫ് റൂം, പൊതു ടോയ്ലറ്റുകൾ (സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം) എന്നീ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിക്കാണു തുക അനുവദിച്ചത്.
ആരോഗ്യ മേഖലയിൽ വൻകുതിപ്പുമായി വടക്കാഞ്ചേരി
12:50 AM Sep 25, 2022 | Deepika.com