ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരത്രി മഹോത്സവം ഇന്നു തുടങ്ങും. വൈകീട്ട് മേൽശാന്തി ശ്രീരുദ്രൻ നന്പൂതിരി നടരാജ മണ്ഡപത്തിൽ ദീപ പ്രോജ്വലനം നടത്തി തുടക്കം കുറിക്കും. തുടർന്ന് പ്രശസ്ത വീണ വിദ്യാൻ ഡോ. എ. അനന്തപത്മനാഭന്റെ വീണകച്ചേരി അരങ്ങേറും. ജയകൃഷ്ണൻ (എഐആർ) മൃദംഗം. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ സരസ്വതീ വന്ദനം, 8.30 മുതൽ സംഗീതാർച്ചന, വൈകീട്ട് 5.30 മുതൽ നൃത്താഞ്ജലി, ഏഴു മുതൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത കച്ചേരി, നൃത്ത നൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും.
ഒക്ടോബർ മൂന്നിന് ഗ്രന്ഥം വെപ്പ്. ഒക്ടോബർ നാലിന് മഹാനവമി ദിവസം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചനയാണ്. ഒക്ടോബർ അഞ്ചിന് വിജയദശമി ദിവസം നവരാത്രി മണ്ഡപത്തിലെ പൂജകൾക്കുശേഷം ക്ഷേത്രം മേൽശാന്തിമാർ കുട്ടികളെ എഴുത്തിനിരുത്തുന്നതാണ്.
നവരാത്രി മണ്ഡപത്തിലെ പ്രത്യേക വഴിപാടുകളായ സരസ്വതി പൂജ, തൃകാല പൂജ, സാരസ്വതാർച്ചന അപ്പം, വട, വെണ്ണ ജപം, എഴുത്തിനിരുത്തൽ, ലക്ഷാർച്ചന എന്നിവയ്ക്കു വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി എന്നിവർ അറിയിച്ചു.
മമ്മിയൂർ നവരാത്രി മഹോത്സവം ഇന്നു തുടങ്ങും
12:50 AM Sep 25, 2022 | Deepika.com