കൊറ്റനെല്ലൂർ: വേളൂക്കര പഞ്ചായത്തിലെ ഹരിത കർമസേന കോ ഓർഡിനേറ്റർ കം കമ്യൂണിറ്റിഹാൾ കെയർടേക്കർ എന്നീ തസ്തികയിലേക്കാണ് ഉദ്യോഗാർഥികളെ ഇന്റർവ്യൂവിന് ക്ഷണിച്ചത്. ഇന്നലെയായിരുന്നു ഇന്റർവ്യൂ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്റർവ്യൂ ബോർഡിലേക്കുള്ള ആളുകളെ നിശ്ചയിക്കുന്നതിനുള്ള പഞ്ചായത്ത് കമ്മിറ്റിയോഗം ഈ മാസം 30 നാണ് ചേരുന്നത്.
ഈ യോഗത്തിൽ ആറാമത്തെ അജണ്ട ആയാണ് ഈ വിഷയം ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്നലെ ഇന്റർവ്യൂ നടക്കുമെന്ന അറിയിപ്പ് ഉണ്ടായതിനെ തുടർന്ന് എത്തിച്ചേർന്ന ഉദ്യോഗാർഥികൾ ഇന്റർവ്യൂ നടക്കാത്തതിനാൽ മടങ്ങിപോകുകയായിരുന്നു.
ഇപ്പോൾ ഇന്റർവ്യൂ ഇല്ലെന്നും അടുത്ത ദിവസം നടക്കുന്പോൾ അറിയിക്കാമെന്നായിരുന്നു പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മറുപടി. സംഭവത്തിൽ കോണ്‍ഗ്രസ് അംഗങ്ങളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, ബിബിൻ തുടിയത്ത്, വിൻസെന്റ് കാനംകുടം, മാത്യു പാറേക്കാടൻ, യൂസഫ് കൊടകരപറന്പിൽ, പുഷ്പം ജോയ്, ഷീബ നാരായണൻ, സ്വപ്ന സെബാസ്റ്റ്യൻ എന്നിവർ പഞ്ചായത്ത് പ്രസിഡന്റിനെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു.
ഭരണകക്ഷിയുടെ അനുഭാവിയെ ഈ തസ്തികയിലേക്കു നിയമിക്കുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പിനെ തുടര്‍ന്നാണ് ഇന്റര്‍വ്യൂ നടക്കാതിരുന്നതെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പാണ് ഇതിനുപിന്നിലുള്ളതെന്നും പ്രസിഡന്റ് കെ.എസ്. ധനേഷ് പറഞ്ഞു.
ബോർഡംഗങ്ങളെ നിശ്ചയിക്കുന്നതിനു മുന്‍പേ ഇന്റർവ്യൂ; ഉദ്യോഗാർഥികൾ നിരാശരായി മടങ്ങി
12:47 AM Sep 25, 2022 | Deepika.com