മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭകർ’ എന്ന നേട്ടം കൈവരിക്കാൻ ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിക്ക് കീഴിൽ ഈ വർഷം ഇതുവരെ 6054 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. 399.25 കോടി നിക്ഷേപം ഉണ്ടായപ്പോൾ 14140 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന നേട്ടം കൈവരിക്കാൻ ജില്ല ലക്ഷ്യംവയ്ക്കുന്നത് 18,601 സംരംഭങ്ങളാണ്.
പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി പ്രത്യേക ട്രെയിനിംഗും ശിൽപശാലകളും ആവശ്യമായ സാങ്കേതിക സഹായങ്ങളും ജില്ലാ വ്യവസായ വകുപ്പ് ഉറപ്പു നൽകുന്നു. ജില്ലയിൽ ശിൽപശാല ഏകോപിപ്പിക്കാനും സബ്സിഡി, വായ്പ, മറ്റു സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്ക്കരിക്കാനും തദ്ദേശ സ്ഥാപനങ്ങളിൽ 122 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെയും മറ്റു കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. ഇലക്ട്രിക് വാഹന സർവീസിംഗിനെ അടിസ്ഥാനമാക്കി നടത്താനിരിക്കുന്ന ശിൽപശാലയിൽ 200 അപേക്ഷകരിൽ നിന്നു അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്ന 25 ആളുകൾക്കാണ് അവസരം.
ഭക്ഷ്യസംസ്കരണം, വസ്ത്രനിർമാണം, ഐസ് പ്ലാന്റ്, കരകൗശല ഉത്പ്പന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡിടിപി ഓണ്‍ലൈൻ സർവീസ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, ഓട്ടോ മൊബൈൽ വർക്ക്ഷോപ്പുകൾ തുടങ്ങിയ സേവന മേഖലകളും ജില്ലയിലെ പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
വിവിധ സഹായ പദ്ധതികളാണ് സംരംഭകർക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. സൂക്ഷ്മ ഇടത്തരം വ്യവസായങ്ങൾ മുതലുള്ളവക്കു നാലു ശതമാനം പലിശയോടെയാണ് വായ്പ നൽകുന്നത്.
ഇതു കൂടാതെ സംരംഭകർക്ക് ലോണ്‍ ഇല്ലാതെയും സ്ഥിര മൂലധനത്തിന്റെ 15 മുതൽ 30 ശതമാനം വരെ സബ്സിഡിയായി നൽകുന്ന സഹായപദ്ധതിയും നിലവിലുണ്ട്. പരമാവധി 40 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം സബ്സിഡിയായി ലഭിക്കും.
ഒന്‍പതു മാസത്തിനുള്ളിൽ 6054 സംരംഭങ്ങൾ, 14140 തൊഴിലവസരങ്ങൾ
12:04 AM Sep 25, 2022 | Deepika.com