പത്തനംതിട്ട: സിപിഎം ബ്രാഞ്ച് അടിസ്ഥാനത്തിൽ നടത്തിയ ഫണ്ടുപിരിവിൽ അന്വേഷണം. ജില്ലാ കമ്മിറ്റി ഇടപെട്ട് ബ്രാഞ്ചുതലത്തിൽ അന്വേഷണത്തിന് കമ്മീഷനുകളെ നിയോഗിച്ചു.
ബ്രാഞ്ച് കമ്മിറ്റികൾക്ക് നിശ്ചയിച്ചിരുന്ന തുകയേക്കാൾ അധികം പിരിക്കുകയും പിരിച്ച തുക അടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതികളുണ്ടായത്. നിശ്ചയിച്ചിരുന്ന തുക കേന്ദ്രഫണ്ടിലേക്ക് അടയ്ക്കാൻ നിർദേശിച്ചിരുന്നു. 10,000 രൂപയായിരുന്നു കുറഞ്ഞ തുക.10,000 രൂപ ഒരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സമാഹരിക്കാതെ ബ്രാഞ്ചിലെ എല്ലാവിഭാഗം ആളുകളുടെയും സഹകരണത്തിൽ സമാഹരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പലയിടത്തും നിശ്ചിത തുക ഒന്നോ രണ്ടോ ആളുകളിൽ നിന്നു സമാഹരിച്ചു. മറ്റുള്ളവരിൽ നിന്നും ഫണ്ട് ശേഖരിച്ചതായി രസീതുകൾ തയാറാക്കി. വാങ്ങിയ പണം പൂർണമായി കേന്ദ്രഫണ്ടിലേക്ക് അടച്ചിട്ടില്ല. പിരിവിനെ സംബന്ധിച്ച് വിവിധ കമ്മിറ്റികളിൽ നിന്ന് ആക്ഷേപം ഉയർന്നതോടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്. രസീതുകൾ പരിശോധിച്ചും ബ്രാഞ്ച് കമ്മിറ്റിയുടെ വിശദീകരണം തേടിയും റിപ്പോർട്ട് നൽകാനാണ് നിർദേശം.
സിപിഎം ബ്രാഞ്ച് പിരിവ് വിവാദത്തിൽ, അന്വേഷണത്തിനു കമ്മീഷനുകൾ
10:20 PM Sep 23, 2022 | Deepika.com