തൃശൂർ: ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലയണ്‍സ് ക്ലബ് അംഗങ്ങൾ. ട്രിച്ചൂർ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോവ്സ് ആന്‍ഡ് മഫിൻസ് ബേക്ക് ഹൗസിന്റെ സഹകരണത്തോടെയാണ് "ജോയ് ഓഫ് ക്രിസ്മസ്’ കേക്ക് മിക്സിംഗ് സംഘടിപ്പിച്ചാണ് ആഘോഷങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില കേക്ക് മിക്സിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഫാ. ഡോളസ് ആശീർവാദ കർമം നിർവഹിച്ചു. വാർഡ് കൗണ്‍സിലർമാരായ ലീലാമ്മ വർഗീസ്, സിന്ധു ആന്റോ ചാക്കോള എന്നിവർ മുഖ്യാതിഥികളായിരുന്നു. ലയണ്‍സ് റീജിയണ്‍ ചെയർപേഴ്സണ്‍ ജെയിംസ് ടി. മാളിയേക്കൽ, സോണ്‍ ചെയർപേഴ്സണ്‍ സി.ടി. റപ്പായി, ക്ലബ് പ്രസിഡന്റ് അഡ്വ. ആന്റോ ഡേവിസ് അക്കര, സെക്രട്ടറി സി.ജെ. റോണി, ട്രഷറർ ഡോ. ബിജു ജോണ്‍ എന്നിവർ നേതൃത്വം നൽകി. ലോവ്സ് ആന്‍ഡ് മഫിൻസ് ഡയറക്ടർ ജോജു ജോർജ് നന്ദി പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ട്രിച്ചൂർ ലയണ്‍സ് ക്ലബ് നിരവധി സേവനപദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജെയിംസ് വളപ്പില പറഞ്ഞു. പ്രിസർവേറ്റീവുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ പാരന്പര്യത്തനിമയിൽ, എല്ലാവിധ ഡ്രൈ ഫ്രൂട്ട്സുകളും ഹോം മേഡ് വൈനിൽ മിക്സ് ചെയ്തെടുത്ത കേക്ക് മിശ്രണം 90 ദിവസം സൂക്ഷിച്ചുവച്ചശേഷം ഡിസംബർ ആദ്യവാരത്തോടെയാണു കേക്ക് നിർമാണം ആരംഭിക്കുന്നതെന്ന് ലോവ്സ് ആൻഡ് മഫിൻസ് ബേക്ക് ഹൗസ് ഷെഫ് ജിൻസ് പോൾ പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾക്ക് ആരംഭമായി ലയണ്‍സിന്റെ കേക്ക് മിക്സിംഗ്
12:36 AM Sep 23, 2022 | Deepika.com