മഞ്ചേരി: വായ്പാറപ്പടിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഒരുസംഘം മർദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഇന്നലെ മഞ്ചേരിയിൽ മിന്നൽ പണിമുടക്ക് നടത്തി. മഞ്ചേരിയിൽ നിന്നു സർവീസ് നടത്തുന്ന ഒരു ബസും ഓടിയില്ല. ഇതോടെ നഗരത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. സമാന്തര ഓട്ടോ സർവീസുകളെയാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ആശ്രയിച്ചത്. കഐസ്ആർടിസി സർവീസ് യാത്രക്കാർക്ക് ആശ്വാസമായി. കോഴിക്കോട്, വഴിക്കടവ്, മലപ്പുറം ഭാഗത്തേക്കുള്ള ബസുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി വൈകിയാണ് ബസ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
നഗരത്തിലെത്തിയ പലരും രാവിലെയാണ് സംഭവമറിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് എത്തിയ രോഗികളും വലഞ്ഞു. വായ്പാറപ്പടിയിൽ ബുധനാഴ്ച രാത്രി ബസ് മുന്നോട്ടെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. മഞ്ചേരിയിൽ നിന്നും തിരൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിനെ ഒരു കാർ ഓവർടേക്ക് ചെയ്ത് തടഞ്ഞു. ബസ് ജീവനക്കാരുമായി തർക്കം നടക്കുന്നതിനിടെ ബസ് ഡ്രൈവർ മഞ്ചേരിയിലേക്കു മൂന്ന് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയെയും ബസ് തടഞ്ഞ നാട്ടുകാരെയും കണക്കിലെടുക്കാതെ അപകടകരമാം വിധം മുന്നോട്ടെടുത്തതായി നാട്ടുകാർ പറഞ്ഞു. ഇതേതുടർന്നാണ് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഡ്രൈവർക്ക് പരിക്കേറ്റത്. ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മാധ്യമ പ്രവർത്തകർക്ക് നേരെ ബസ്
ജീവനക്കാരുടെ
അതിക്രമം
മഞ്ചേരി: ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് റിപ്പോർട്ട് ചെയ്യാനെത്തിയ പിടിവി കേരളയുടെ റിപ്പോർട്ടറെയും കാമറാമാനെയും കൈയേറ്റം ചെയ്ത് ഒരു കൂട്ടം ബസ് ജീവനക്കാരുടെ അതിക്രമം. സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരി പ്രസ് ക്ലബ് പോലീസിന് പരാതി നൽകുകയും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.പണിമുടക്കിന്റെ സാഹചര്യം ബസ് ജീവനക്കാർ തന്നെ വിശദീകരിക്കുന്നതിനിടെ ഒരു വിഭാഗം ബസ് ജീവനക്കാർ പിടിവി കേരള റിപ്പോർട്ടർ കൃഷ്ണപ്രിയക്കും കാമറമാൻ ഷനു അരീക്കോടിനും നേരെ പ്രകോപനമില്ലാതെ തട്ടികയറുകയായിരുന്നു. കാമറ തട്ടിമാറ്റുകയും വനിതാ റിപ്പോർട്ടറോട് പ്രകോപനപരമായി സംസാരിക്കുകയും കൈ തട്ടി മാറ്റുകയും ചെയ്തു. ഇന്നലെ 11.30തോടെ മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. തുടർന്നു മഞ്ചേരി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പോലീസിന് പരാതി നൽകുകയും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ശശികുമാർ, സെക്രട്ടറി സാലി മേലാക്കം, കെ.എം.എ ഷുക്കൂർ, എൻ.സി ഷരീഫ്, ബഷീർ കല്ലായി, സി. ജമാൽ,അജ്മൽ, പ്രവീണ്, ഷാജി കെ. പവിത്രം പിടിവി കേരള ഡയറക്ടർ റിൻഷാദ് അക്ബർ, ഷുഹൈബ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
മഞ്ചേരിയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
11:13 PM Sep 22, 2022 | Deepika.com