നിർമാണോദ്ഘാടനം നാളെ
പത്തനംതിട്ട: അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുന്നു. അട്ടത്തോട്ടിൽ പഞ്ചായത്ത് വക കമ്യൂണിറ്റി ഹാളിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്കൂളിന് നിലയ്ക്കൽ പെട്രോൾ പന്പിന് എതിർവശത്താണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിനാവശ്യമായ സ്ഥലം വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത് നിരപ്പാക്കി കഴിഞ്ഞു.
കെട്ടിട നിര്‍മാണോദ്ഘാടനം നാളെ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി റീ ബിൽഡ് കേരള പദ്ധതിയിൽ മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തില്‍ പുതിയ കെട്ടിടം നിർമിക്കുന്നത്.
രാവിലെ 11നു നിലയ്ക്കലിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ച് ക്രമീകരണങ്ങൾ നടത്തിവരുന്നു.
451 ചതുരശ്ര മീറ്ററിലാണ് പുതിയ കെട്ടിടം. ഹൈടെക് ക്ലാസ് മുറികളായിരിക്കും നിർമിക്കുക. അഞ്ച് ക്ലാസ് മുറികളുണ്ടാകും. കൂടാതെ പ്രഥമാധ്യാപകനും അധ്യാപകർക്കും വെവ്വേറെ ഓഫീസ് മുറികളും സ്റ്റോർ റൂമും ഉണ്ടാകും.
2015ലാണ് ട്രൈബൽ സ്കൂളിന് അനുമതി ലഭിച്ചത്. നിലവിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെ 52 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരിൽ 27 പേരും വനമേഖലയിൽ നിന്നുള്ളവരാണ്. സ്ഥലസൗകര്യമില്ലാതെ വീർപ്പുമുട്ടിയിരുന്ന സ്കൂളിന് സ്വന്തം കെട്ടിടം എന്ന ആവശ്യം പൂർത്തീകരിക്കാൻ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.
കഴിഞ്ഞവർഷം സ്കൂളിൽ പ്രഥമാധ്യാപകനായി ചുമതലയേറ്റ ബിജു തോമസ് അന്പൂരിയുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് സ്ഥലം കൈമാറ്റവും കെട്ടിടം നിർമാണ അനുമതിയും സാധ്യമായത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നതടക്കമുള്ള ആവശ്യം ഉയരുന്നുണ്ട്.
അട്ടത്തോട് സ്കൂളിനു സ്വന്തം കെട്ടിടം പണി തുടങ്ങുന്നു
10:18 PM Sep 22, 2022 | Deepika.com