നിക്കി ഹാലെ ഗാന്ധി പാർക്ക് സന്ദർശിച്ചു

11:43 PM May 24, 2018 | Deepika.com
ഇർവിംഗ് (ഡാളസ്): അമേരിക്കയുടെ യുഎൻ അംബാസഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹാലെ ഇർവിംഗിലുള്ള മഹാത്മാ ഗാന്ധി പാർക്ക് സന്ദർശിച്ചു രാഷ്ട്രപിതാവിന്‍റെ പ്രതിമയിൽ പൂക്കൾ അർപ്പിച്ചു. പാർക്കിൽ എത്തിച്ചേർന്ന നിക്കി ഹാലെയെ മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് ഡോ. പ്രസാദ് തോട്ടകൂറയും ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്നു സ്വീകരിച്ചു.

തുടർന്നു നടന്ന സമ്മേളനത്തിൽ രാഷ്ട്രപിതാവിന് ഉചിതമായ സ്മാരകം നിർമിക്കുന്നതിന് അനുമതി നൽകിയ ഇർവിംഗ് സിറ്റി മേയറെയും സംഘടനാ നേതാക്കളെയും നിക്കി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽ നിക്കി ഹാലെ പ്രസംഗിക്കവെ പലസ്തീൻ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ ബഹളമുണ്ടാക്കിയ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി പി.പി. ചെറിയാൻ, ജോസ് പ്ലാക്കാട്ട് എന്നിവർ പങ്കെടുത്തു.

2014 ലാണ് ഇതിനുമുൻപ് ഗാന്ധിപാർക്ക് നിക്കി ഹാലെ സന്ദർശിച്ചത്.