സണ്ണിവെയ്ൽ സിറ്റിയിൽ കാറിനു നേർക്ക് വെടിവയ്പ്

11:34 PM May 24, 2018 | Deepika.com
സണ്ണിവെയ്ൽ: ഓടിക്കൊണ്ടിരുന്ന ഹോണ്ടാ കാറിനു നേരെ മറ്റൊരു വാഹനത്തിൽ നിന്നും ചീറി പാഞ്ഞു വന്ന മൂന്നു വെടിയുണ്ടകൾ തറച്ചു കയറിയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സണ്ണിവെയ്ൽ സിറ്റിയിൽ മേയ് 22 നാണു സംഭവം. പൊതുവെ ശാന്തമായ സണ്ണിവെയ്ൽ സിറ്റിയിൽ നടന്ന സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

സാമുവേൽ ഫാമിനു സമീപം ഈസ്റ്റ് ട്രിപ്പ്, ജോബ്സണ്‍ റോഡിൽ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

വെടിയേറ്റ വാഹനം വശത്തേക്കു മാറ്റിയിട്ടു ഡ്രൈവർ സണ്ണിവെയ്ൽ ടൗണ്‍ ഹാളിൽ ഓടിയെത്തി വിവരം അറിയിച്ചു. ഡാളസ് കൗണ്ടി ഷെറിഫ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും വാഹനം ഇതിനകം സ്ഥലം വിട്ടിരുന്നു. ഒരു ലക്സസും മറ്റൊരു എസ്യുവിയും തന്‍റെ കാറിനു സമീപം കടന്നു പോയതായും എവിടെ നിന്നാണ് വെടിവച്ചതെന്നു വ്യക്തമല്ലെന്നും ടോണി പറഞ്ഞു.

സംഭവത്തിൽ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ ഷെറിഫ് ഡിപ്പാർട്ട്മെന്‍റിനെ 214 749 8641 എന്ന നന്പറിൽ വിളിച്ചു അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.

അടുത്തയിടെയാണ് മലയാളിയായ സജി ജോർജ് ഇവിടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് അടുത്ത മാസമാണ് സജി ചുമതലയേൽക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ