ദിനംപ്രതി 3500 ഇഫ്താർ കിറ്റുകൾ നൽകി അബുദാബി ട്രാഫിക് പോലീസ്

12:55 AM May 24, 2018 | Deepika.com
അബുദാബി: ഇഫ്താർ സമയത്ത് വാഹനം ഓടിക്കേണ്ടി വരുന്നവർക്ക് ഭക്ഷണ കിറ്റുകൾ നൽകി അബുദാബി പോലീസ് ശ്രദ്ധ പിടിച്ചുപറ്റുന്നു. സുരക്ഷിതത്വം റംസാൻ നാളിൽ എന്ന സന്ദേശമുയർത്തി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായ പത്താം വർഷത്തിലാണ് പോലീസ് ഇഫ്താർ കിറ്റുകളുടെ വിതരണം നടത്തുന്നത്.

നഗരത്തിലെ തിരക്കേറിയ പത്ത് ട്രാഫിക് സിഗ്നലുകളിൽ ദിനംപ്രതി 3500 ഭക്ഷണ പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.

നോന്പ് മുറിക്കുന്നതിന് മുന്പു നിശ്ചിത സ്ഥലങ്ങളിൽ എത്തുന്നതിന് അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് പതിവാകുകയും ഏറ്റവും അധികം അപകടങ്ങൾ ഈ സമയത്തുണ്ടാകുന്നുവെന്നു കണ്ടെത്തുകയും ചെയ്തതോടെയാണ് ഇഫ്താർ ഭക്ഷണ പായ്ക്കറ്റുകളുമായി നഗരവീഥികളിൽ പോലീസ് രംഗത്തെത്തിയത്. വിവിധ സന്നദ്ധ സംഘടനകളും പോലീസിനൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കുചേരുന്നുണ്ട്.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള