രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ആചരിച്ചു

12:41 AM May 24, 2018 | Deepika.com
അബുദാബി: ഇൻകാസ് അബുദാബിയുടേയും മലയാളി സമാജത്തിന്‍റെയും നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27 -ാമത് രക്തസാക്ഷിത്വം ആചരിച്ചു. ഇന്ത്യാ മഹാരാജ്യം ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ, ചരിത്രം പോലും വളച്ചൊടിക്കപ്പെടുന്പോൾ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യഗത കൂടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇൻകാസ് അബുദാബി പ്രസിഡന്‍റ് പള്ളിക്കൽ ഷുജാഹി അധ്യക്ഷത വഹിച്ച പരിപാടി സമാജം പ്രസിഡന്‍റ് ടി.എ. നാസർ ഉദ്ഘാടനം ചെയ്തു, സമാജം സെക്രട്ടറി നിബു സാം ഫിലിപ്പ്, എ.എം. അൻസാർ, സലിം ചിറക്കൽ, യേശുശീലൻ, ഷിബു വർഗീസ്, വീണാ രാധാകൃഷ്ണൻ തുടങ്ങിയവരും മറ്റു ജില്ലാ പ്രസിഡന്‍റുമാരും അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ലോക സമാധാനത്തിനായി സർവമത പ്രാർഥനയും നടത്തി. സതീഷ് പട്ടാന്പി, ജെറിൻ കുര്യൻ, കെ.വി. ബഷീർ, വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള