ഷിക്കാഗോ: ജൂണ്‍ രണ്ടിന് ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ നടത്തുന്ന കുടുംബ സംഗമം പരിപാടിയിൽ ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കുമെന്നു പ്രസിഡന്റ് റവ. ജോണ്‍ മത്തായി അറിയിച്ചു. കൗണ്‍സിൽ എല്ലാവർഷവും നടത്തുന്ന ഈ കുടുംബസംഗമ പരിപാടിക്ക് ഷിക്കാഗോയിലെ 15 ദേവാലയങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പരിപാടികൾ അവതരിപ്പിക്കും.
1975നു മുന്‍പായി ഷിക്കാഗോയിലെത്തിയ ആദ്യകാല മലയാളികളെ ആദരിക്കുന്ന ചടങ്ങ് ഈവർഷത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. കഴിഞ്ഞ 17 വർഷമായി നടത്തുന്ന ഈ കുടുംബസംഗമം പരിപാടിയിലൂടെ കിട്ടുന്ന തുക ഹോം ഫോർ ഹോംലെസ്’ പദ്ധതിയിലൂടെ 13ൽ അധികം ഭവനങ്ങൾ നിർമ്മിച്ചുനൽകുവാൻ സാധിച്ചത് ഒരു വലിയ നേട്ടമായി കൗണ്‍സിൽ കരുതുന്നു.
ജൂണ്‍ രണ്ടിനു ശനിയാഴ്ച സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ഈ പരിപാടികൾ പങ്കെടുക്കുവാൻ ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 5 ന് ഡിന്നറും, 5.30 മുതൽ ഷിക്കാഗോ ചെണ്ട ക്ലബ് ജോർജ് കുര്യന്റെ നേതൃത്വത്തിൽ ചെണ്ടമേളവും നടക്കും. തുടർന്നു പൊതുസമ്മേളനവും കലാപരിപാടികളും ആരംഭിക്കും. റവ.ഫാ. മാത്യൂസ് ജോർജ് ചെയർമാനായും, ബെഞ്ചമിൻ തോമസ് ജനറൽ കണ്‍വീനറും, സിനിൽ ഫിലിപ്പ് പ്രോഗ്രാം കണ്‍വീനറുമായി വിവിധ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ പേട്രണ്മാരായും, റവ. ജോണ്‍ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോൻ ജേക്കബ് (വൈസ് പ്രസിഡന്റ്), അറ്റോർണി ടീന തോമസ് (സെക്രട്ടറി), അച്ചൻകുഞ്ഞ് മാത്യു (ജോ. സെക്രട്ടറി), ആന്‍േറാ കവലയ്ക്കൽ (ട്രഷറർ) എന്നിവരാണ് ഈവർഷത്തെ ഭാരവാഹികളായി പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ കുടുംബസംഗമം: ഡോ. ഏബ്രഹാം മാർ സെറാഫിം മുഖ്യാതിഥി
09:58 PM May 17, 2018 | Deepika.com