അബുദാബി: ചുവപ്പു സിഗ്നൽ മറികടക്കുന്നതിനിടയിൽ രണ്ടു മിനി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർക്ക് പരുക്കേറ്റു. എയർപോർട്ട് റോഡിലെ പെപ്സി കോള സിഗ്നലിലാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
പോലീസ് പട്രോളിംഗ് വിഭാഗവും ആബുലൻസും സംഭവ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള നടപടികളും റോഡ് ഗതാഗതം സുഗമമാക്കുന്നതിനുമുള്ള നടപടികളും എടുത്തതായി അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖെയ്ലി അറിയിച്ചു.
അപകടത്തിൽ 31 പേർക്ക് നിസാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിസാര പരുക്കേറ്റ 31 പേരെ അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലും മഫ്റഖ് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റയാൽ ഷെയ്ഖ് ഖലീഫാ മെഡിക്കൽ സിറ്റിയിൽ ചികിൽസയിലാണ്. ഇയാൾ അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ചുവപ്പ് സിഗ്നൽ മറികടന്നു; അബുദാബിയിൽ ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരുക്ക്
11:02 PM May 15, 2018 | Deepika.com