ടെക്സസിലെ അഞ്ചാമത്തെ വധശിക്ഷ നടപ്പാക്കി

12:13 AM Apr 27, 2018 | Deepika.com
ഹണ്ടസ് വില്ല: ജ·ദിനാഘോഷം നടക്കുന്നതിനിടയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ജ·ദിനം ആഘോഷിച്ചിരുന്ന അഞ്ചു വയസുകാരിയും മാതാവും കൊല്ലപ്പെട്ട കേസിലെ പ്രതി എറിക് ഡാവില്ലായുടെ (31) വധശിക്ഷ ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.

2008 ൽ ഡാളസ് ഫോർട്ട് വർത്തിലായിരുന്നു സംഭവം. ബുധനാഴ്ച യുഎസ് സുപ്രീം കോടതിയിൽ വധശിക്ഷയെ ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീൽ തള്ളിയ നിമിഷങ്ങൾക്കുള്ളിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

2009 ൽ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. കൃത്യം ചെയ്യുന്പോൾ പ്രതി മദ്യപിച്ചിരുന്നുവെന്ന വാദം കോടതി കേട്ടുവെങ്കിലും കൊലനടത്തിയതിനുള്ള ന്യായീകരണമായി അംഗീകരിക്കുന്നതിന് കോടതി വിസമ്മതിച്ചു.

എന്‍റെ കേസ് പരാജയപ്പെട്ടുവെങ്കിലും ഞാൻ ഒരു യോദ്ധാവായിട്ടാണ് മരണത്തെ അഭിമുഖീകരിക്കുന്നതും. ഞാൻ എല്ലാവരേയും സ്നേഹിക്കുന്നു എന്ന അവസാന വാക്കുകൾ പറഞ്ഞു കഴിഞ്ഞതോടെ വിഷമിശ്രിതം ശിരസുകളിലേക്ക് പ്രവഹിപ്പിച്ചു. 6.30 പിഎംന് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഈ വർഷം ടെക്സസിൽ മാത്രം നടപ്പാക്കിയ അഞ്ചാമത്തേതും അമേരിക്കയിലെ ഒൻപതാമത്തേതുമാണ് ഈ വധശിക്ഷ.

റിപ്പോർട്ട്: പി.പി. ചെറിയാൻ