ഒമാൻ - ഖത്തർ സംയുക്ത വീസ ഉടന്പടി നിലവിൽ വന്നു

01:44 AM Apr 25, 2018 | Deepika.com
മസ്കറ്റ്: മുപ്പത്തിമൂന്നു രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് പ്രയോജനം കിട്ടുന്ന വിപ്ലവകരമായ സന്ദർശക വീസ ഉടന്പടിയിൽ ഒമാനും ഖത്തറും ഒപ്പുവച്ചു.

ഇതനുസരിച്ച് ഖത്തർ സന്ദർശിക്കുന്ന സഞ്ചാരിക്ക് ഒമാൻ സന്ദർശിക്കുന്നതിന് പ്രത്യേക വീസ ആവശ്യമില്ല അതുപോലെ തിരിച്ചും. സംയുക്ത ഉടന്പടി പ്രകാരം അമേരിക്ക, ഫ്രാൻസ്, ജർമനി, കാനഡ, ഇറ്റലി, വത്തിക്കാൻ, യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ് ഓസ്ട്രേലിയ, ജപ്പാൻ, ബെൽജിയം, ഫിൻലാൻഡ്, ഡെ·ാർക്, നെതർലൻഡ്സ്, നോർവേ, പോർട്ടുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, മലേഷ്യ, ഹോങ്കോംഗ്, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, സ്പെയിൻ, ഐസ്ലൻഡ്, ഓസ്ട്രിയ, ലക്സംബോർഗ്, സിംഗപ്പൂർ, സാൻ മരീനോ, ബ്രൂണെ, മൊണാകോ, ഗ്രീസ്, ലിഷൻസ്റ്റെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുമെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രത്യേകം വീസ എടുക്കേണ്ടതില്ല. ഇന്ത്യയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശമുള്ള മലയാളികൾക്ക് ഖത്തറിലും ഒമാനിലുമുള്ള തങ്ങളുടെ ബന്ധുക്കളെ ഒറ്റ വീസയിൽ സന്ദർശിക്കാം.

ഒമാനിൽ നിന്നും അനുവദിക്കുന്ന സന്ദർശക വീസക്ക് 20 ഒമാനി റിയാലും ഖത്തറിൽനിന്നും ഇഷ്യൂ ചെയ്യുന്ന സംയുക്ത വീസക്ക് 100 ഖത്തറി റിയാലുമാണ് ഫീസ്. വീസ അപേക്ഷ സമർപ്പിക്കുന്പോൾ തന്നെ പ്രത്യേക വീസാ അപേക്ഷാ ഫോറം പൂരിപ്പിക്കുകയും ഇതു സംബന്ധമായ സീൽ പാസ്പോർട്ടിൽ പതിക്കുകയും വേണം. ഇഷ്യൂ ചെയ്യുന്ന ദിവസം മുതൽ ഒരു മാസത്തിനകം രാജ്യത്ത് പ്രവേശിക്കണം. പ്രസ്തുത തീയതി മുതൽ ഒരു മാസത്തേക്കാണ് കാലാവധി. രണ്ടു രാജ്യങ്ങളും അടുപ്പിച്ചു സന്ദർശിക്കണമെന്ന പ്രത്യേകതയാണ് വീസക്കുള്ളത്, ഇടയ്ക്ക് മറ്റൊരു രാജ്യത്തേക്ക് യാത്രാ വിലക്കുണ്ടെന്നു ചുരുക്കം.

റിപ്പോർട്ട്: സേവ്യർ കാവാലം